എസ്.എസ് രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വാരണാസി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെ താൻ ദൈവവിശ്വാസിയല്ലെന്ന് സംവിധായകൻ വെളിപ്പെടുത്തി. 

എസ്.എസ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വാരണാസി' എന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ആർആർആർ എന്ന ചിത്രത്തിന് ശേഷമെത്തുന്ന രാജമൗലി ചിത്രമായത് കൊണ്ട് തന്നെ ചെറുതല്ലാത്ത പ്രീ റിലീസ് ഹൈപ്പുകളും വാരാണാസിക്കുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ലോഞ്ച്. അതിനിടെ ഇപ്പോൾ രാജമൗലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ ദൈവ വിശ്വാസിയല്ലെന്നാണ് രാജമൗലി പറയുന്നത്. പരിപാടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറിനെ കുറിച്ച സൂചിപ്പിച്ചപ്പോഴായിരുന്നു ദൈവവിശ്വാസത്തെ കുറിച്ച് രാജമൗലി സംസാരിച്ചത്.

"എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ പിന്നിൽ വന്ന് നിന്ന്, കാര്യങ്ങൾ ഹനുമാൻ സ്വാമി നോക്കിക്കോളുമെന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നിരുന്നു എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു." ടൈറ്റിൽലോഞ്ചിനിടെ രാജമൗലി പറഞ്ഞു.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ രാജമൗലിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തിനാണ് രാജമൗലി ഹനുമാനെ പറയേണ്ട ആവശ്യമെന്നാണ് സമൂഹമാധ്യമങ്ങൾ ഉയരുന്ന ചോദ്യങ്ങൾ. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ ഹിന്ദു പുരാണങ്ങളിൽ നിന്നല്ലേ എടുത്തിട്ടുള്ളതെന്നും ചിലർ ചൂണ്ടികാണിക്കുന്നു.

Scroll to load tweet…

അതേസമയം അടുത്ത വർഷമാണ് വാരണാസി തിയേറ്ററുകളിൽ എത്തുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുംഭ എന്ന വില്ലനായി പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

YouTube video player