Asianet News MalayalamAsianet News Malayalam

'ചലിച്ചു തുടങ്ങി'; '1921' പശ്ചാത്തലമാവുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍

ക്രൗണ്ട് ഫണ്ടിംഗിലൂടെ നിര്‍മ്മിക്കുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 90.7 ലക്ഷം രൂപയാണെന്നാണ് അലി അക്ബര്‍ അറിയിച്ചിരിക്കുന്നത്.

started the pre production of 1921 movie says ali akbar
Author
Thiruvananthapuram, First Published Oct 24, 2020, 3:26 PM IST

1921 കാലഘട്ടം പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍. ചിത്രീകരണത്തിനുവേണ്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തോക്കുകളുടെ മാതൃകകളുടെ ചിത്രവും ഫേസ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. "ചലിച്ചു തുടങ്ങി. അനുഗ്രഹാശിസ്സുകളോടെ... നിങ്ങളുടെ പ്രാർത്ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും...", എന്നാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള ഫേസ്ബുക്ക് കുറിപ്പ്.

ക്രൗണ്ട് ഫണ്ടിംഗിലൂടെ നിര്‍മ്മിക്കുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 90.7 ലക്ഷം രൂപയാണെന്നാണ് അലി അക്ബര്‍ അറിയിച്ചിരിക്കുന്നത്. ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ കാന്‍വാസില്‍ സിനിമ സാധ്യമാവില്ലെന്നും സംവിധായകന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് ചര്‍ച്ചയായിരുന്നു.

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios