Asianet News MalayalamAsianet News Malayalam

'സ്റ്റേറ്റ് ബസ്' ടീം 'ആനവണ്ടി' പ്രമേയമാക്കി കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു

ചന്ദ്രൻ നരീക്കോട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

State Bus team  to organise Cartoon contest
Author
First Published Aug 28, 2022, 3:25 PM IST

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'സ്റ്റേറ്റ് ബസ്' ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു. ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന 'സ്റ്റേറ്റ് ബസ്' സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരാണ് കാര്‍ട്ടൂണ്‍ മത്സരം നടത്തുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നമ്മുടെ കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസിന്‍റെ നിലവിലെ സാഹചര്യങ്ങളെ ആക്ഷേപ ഹാസ്യ രചനയിലൂടെ ചിത്രീകരിക്കുകയാണ് 'ആനവണ്ടി' കാര്‍ട്ടൂണ്‍ മത്സരത്തിന്‍റെ പ്രമേയം.

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാടിന്‍റെ  നേതത്വത്തിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ അടങ്ങിയ ജൂറിയാണ് മികച്ച കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കുന്നത്. ഒന്നാം സ്ഥാനത്തിനെത്തുന്ന കാര്‍ട്ടൂണിന് അന്തരിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ പേരില്‍ 10000 രൂപ ക്യാഷ് അവാര്‍ഡും പുരസ്ക്കാരവും നല്‍കും. ആ കാര്‍ട്ടൂണ്‍  'സ്റ്റേറ്റ് ബസ്' സിനിമയുടെ പ്രധാന പോസ്റ്ററായി പ്രചരിപ്പിക്കും. സൃഷ്‍ടികൾ 2022 സെപ്റ്റംബർ 10 ന് മുമ്പ് അയക്കണം.

 സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'. ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറിലാണ് നിര്‍മാണം.  ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'സ്റ്റേറ്റ് ബസ്സി'ന്‍റെ കഥ വികസിക്കുന്നത്. ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം. പ്രമുഖ സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്‍റെ പുതുമയാണ്.   അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.  പി ആര്‍ സുമേരന്‍ ആണ് പിആര്‍ഒ.  കൂടുതല്‍ വിവരങ്ങള്‍ക്ക് Studioccinemas@gmail.com. ഫോണ്‍: 9447731625, 9446190254.

Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്

Follow Us:
Download App:
  • android
  • ios