ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍

അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികള്‍ എന്ന ചര്‍ച്ചകള്‍ സിനിമാപ്രേമികള്‍ക്കിടയിലും സജീവമാണ്. മികച്ച ചിത്രം, സംവിധായകന്‍, എന്നിവയൊക്കെ ചര്‍ച്ചകളില്‍ ഉണ്ടെങ്കിലും അത്തരം ചര്‍ച്ചകളില്‍ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടന്‍ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ഒന്നിലധികം പേര്‍ 2022 ല്‍ ഉണ്ടായിട്ടുണ്ട്. 

ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്. ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് രണ്ടാം റൌണ്ടിലേക്ക് തെരഞ്ഞെടുത്തത് 42 ചിത്രങ്ങളാണ്. ഗൌതം ഘോഷ് അധ്യക്ഷനായ മുഖ്യ ജൂറി ഒരാഴ്ച മുന്‍പ് ഈ സിനിമകളുടെ കാഴ്ച തുടങ്ങി. ഈ 42 ചിത്രങ്ങളില്‍ നിന്ന് മുഖ്യ ജൂറി അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുന്ന ഒരു പിടി സിനിമകളില്‍ നിന്നായിരിക്കും ഇത്തവണത്തെ പ്രധാന പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.

മികച്ച നടനുള്ള മത്സരത്തില്‍ ഇത്തവണ ശക്തമായ സാന്നിധ്യം ഉയര്‍ത്തുന്നത് മമ്മൂട്ടിയാണ്. മൂന്ന് വ്യത്യസ്ത ചിത്രങ്ങളിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളായി മമ്മൂട്ടി പകര്‍ന്നാടിയ വര്‍ഷമായിരുന്നു 2022. സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം പുഴുവിലെ കുട്ടന്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ റോഷാക്കിലെ ലൂക്ക് ആന്‍റണിഒപ്പം ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലെ നാടകട്രൂപ്പ് ഉടമ ജെയിംസ്, ജെയിംസിന്‍റെ പരകായപ്രവേശമായ സുന്ദരവും. കരിയറിന്‍റെ ഈ ഘട്ടത്തില്‍ മമ്മൂട്ടി നടത്തുന്ന പരീക്ഷണത്വരയുടെയും ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം മൂര്‍ച്ച കൂട്ടിയെടുത്തിരിക്കുന്ന പ്രതിഭയുടെയും തിളക്കങ്ങള്‍ ഈ കഥാപാത്രങ്ങളിലെല്ലാം സ്പഷ്ടമായിരുന്നു.

കുഞ്ചാക്കോ ബോബന്‍ ആണ് ബെസ്റ്റ് ആക്റ്റര്‍ മത്സരത്തിലെ മറ്റൊരു പ്രധാന സാന്നിധ്യം. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും പ്രകടനത്തിലും അദ്ദേഹത്തെ പ്രേക്ഷകര്‍ കണ്ട ന്നാ താന്‍ കേസ് കൊട്, പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പട, ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ ഇതിനകം പങ്കെടുത്ത, മഹേഷ് നാരായണന്‍റെ അറിയിപ്പ് എന്നിവയാണ് കുഞ്ചാക്കോ ബോബന് അവാര്‍ഡ് സാധ്യത നല്‍കുന്ന ചിത്രങ്ങള്‍. 

ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയിലെ ഡിസിപി അരവിന്ദ് സ്വാമിനാഥന്‍ ഐപിഎസ്, തീര്‍പ്പിലെ അബ്ദുള്ള മരക്കാര്‍ എന്നീ കഥാപാത്രങ്ങളിലൂടെ പൃഥ്വിരാജും മികച്ച നടനായുള്ള മത്സരത്തില്‍ പരിഗണിക്കപ്പെട്ടേക്കും. ഉടല്‍ എന്ന ചിത്രത്തിലെ കുട്ടിച്ചനിലൂടെ ഇന്ദ്രന്‍സിനോ അപ്പന്‍ എന്ന ചിത്രത്തിലെ ഇട്ടിച്ചന്‍ എന്ന കഥാപാത്രത്തിലൂടെ അലന്‍സിയര്‍ ലോപ്പസിനോ മികച്ച നടനുള്ള ഇത്തവണത്തെ പുരസ്കാരം ലഭിച്ചാലും അത്ഭുതപ്പെടാനില്ല.

സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും ചലച്ചിത്രകാരന്‍ കെ എം മധുസൂധനനുമാണ് പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിക്കുന്നത്. ഇരുവരും അന്തിമ ജഡ്ജിംഗ് പാനലിലും അംഗങ്ങളാണ്. എഴുത്തുകാരായ വി ജെ ജെയിംസ്, കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ്, നിർമ്മാതാവ് ബി രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവര്‍ അന്തിമ വിധികർത്താക്കളുടെ പാനലിൽ ഉണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ ജഡ്ജിംഗ് കമ്മിറ്റികളിൽ മെമ്പർ സെക്രട്ടറിയാണ്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ സി നാരായണന്‍ നയിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡുകൾക്കുള്ള ജൂറിയില്‍ എഴുത്തുകാരായ കെ രേഖ, എം എ ദിലീപ്, അജോയ് എന്നിവർ അംഗങ്ങളാണ്.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം