കൊവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്തും ക്രമാതീതമായി കുതിച്ചുയരുകയാണ്. രോഗഭീതിയും ആള്‍ക്കാരിലുണ്ടാകുന്നു. ആള്‍ക്കാരെ അകറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടാകുന്നു. രോഗവിമുക്തി നേടിയിട്ടും കാര്യമുണ്ടാകുന്നില്ല. ഭയപ്പാടോടെയാണ് ആള്‍ക്കാര്‍ കൊവിഡ് രോഗം ഭേദമായവരെപോലും കാണുന്നത് എന്ന അവസ്ഥയുമുണ്ട്. ഇങ്ങനെയൊക്കെയുള്ളൊരു പശ്ചാത്തലത്തില്‍ ബോധവത്‍കരണവുമായി എത്തുകയാണ് സ്റ്റിഗ്മ എന്ന കൊച്ചുചിത്രത്തിലൂടെ ആരോഗ്യപ്രവര്‍ത്തകരും ചലച്ചിത്ര നടനും നാടകപ്രവര്‍ത്തകനുമായ സന്തോഷ് കീഴാറ്റൂരും.

ദ നാഷണല്‍ ഹെല്‍ത്ത് മിഷൻ (കണ്ണൂര്‍) ആണ്  ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത്. സ്റ്റിഗ്‍മ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് കീഴാറ്റൂരും. ആറ് കഥാപാത്രങ്ങളായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പെണ്‍കുട്ടിയുടെ കൊവിഡ് ഭേദമായിട്ടും നേരത്തെ ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിൻമാറുന്ന യുവാവിന്റെ അച്ഛനായും ഗള്‍ഫില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുന്ന യുവാവായും. കൊവിഡ് 19 ബാധിച്ച് മരിച്ച  ആളെ സംസ്‍കരിക്കാൻ തയ്യാറാകാത്ത ഒരു ഐടി ഉദ്യോഗസ്ഥനായും ലോക്ക് ഡൗണ്‍ കാലത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആളായിട്ടും ഒരു സ്‍ത്രീ നഴ്‍സായിട്ടുമാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ വെല്ലുവിളിയുള്ള വേഷങ്ങളായിരുന്നു ചിത്രത്തിലേത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. സുരേഷ് ബാബു ശ്രീസ്ഥയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത് ഇൻസ്‍പെക്ടര്‍ കൂടിയാണ് നാടകകൃത്തായ സുരേഷ് ബാബു ശ്രീസ്ഥ. ചിത്രം ഉടൻ സാമൂഹ്യമാധ്യമത്തില്‍ അടക്കം റിലീസ് ചെയ്യും.