ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശം കൊടുമുടി കയറിയ നിമിഷമായിരുന്നു ‘സ്‌ട്രേഞ്ചർ തിങ്‌സ്’ അഞ്ചാം സീസണിലെ ആദ്യ എപ്പിസോഡുകൾ നെറ്റ്ഫ്ലിക്സിൽ റിലീസായ സമയം, എന്നാൽ, ഈ ആൾക്കൂട്ടം താങ്ങാനാവാതെ നെറ്റ്ഫ്ലിക്സ് സെർവർ നിമിഷങ്ങൾക്കകം തകർന്നു.
ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ കാത്തിരുന്ന 'സ്‌ട്രേഞ്ചർ തിങ്‌സ്' സീരിസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ പുറത്തിറങ്ങിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് സർവർ തകർന്നു . അവസാന സീസൺ കാണാനായി ഒരേ സമയം ലക്ഷക്കണക്കിന് ആളുകൾ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചതാണ് സാങ്കേതിക തകരാറിന് കാരണമായത്. ഷോയുടെ സയൻസ് ഫിക്ഷൻ പ്ലോട്ടിന് അനുയോജ്യമായ ഒരു ട്വിസ്റ്റ് പോലെയാണ് ഈ സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിനിറ്റുകൾക്കുള്ളിൽ 14,000-ത്തിലധികം റിപ്പോർട്ടുകൾ
അവസാന സീരീസിലെ ആദ്യ എപ്പിസോഡുകൾ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ കാഴ്ചക്കാർക്ക് തങ്ങളുടെ ഫോണുകളിലും, ടിവിയിലും സ്ട്രീമിംഗ് നടത്താൻ കഴിഞ്ഞില്ല. യുഎസിൽ മാത്രം 14,000-ത്തിലധികം പേരാണ് തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആരാധകരും സ്ട്രീമിംഗ് തടസ്സപ്പെടുന്നതായും കണക്ഷൻ പിശകുകൾ കാണിക്കുന്നതായും അറിയിച്ചു. ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്ന സമയത്ത് ഇന്ത്യയിൽ നിന്ന് മാത്രം 200-ഓളം പരാതികൾ ലഭിച്ചു.
നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം
സാങ്കേതിക തകരാറിനെ തുടർന്ന് റോയിട്ടേഴ്സിന് അയച്ച ഇമെയിൽ മറുപടിയിൽ നെറ്റ്ഫ്ലിക്സ് പ്രശ്നം സ്ഥിരീകരിച്ചു."ചില വരിക്കാർക്ക് ടിവികളിൽ സ്ട്രീമിംഗ് ചെയ്യുന്നതിൽ താൽക്കാലികമായി പ്രശ്നം നേരിട്ടു. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ എല്ലാ അക്കൗണ്ടുകൾക്കും സേവനം പുനഃസ്ഥാപിച്ചു," നെറ്റ്ഫ്ലിക്സ് പ്രസ്താവനയിൽ അറിയിച്ചു.
ഇതാദ്യമായല്ല വലിയ ഇവന്റുകൾ ഹോസ്റ്റ് ചെയ്യുമ്പോൾ നെറ്റ്ഫ്ലിക്സ് സെർവർ തകരുന്നത്. 2024-ൽ മൈക്ക് ടൈസൺ - ജേക്ക് പോൾ ബോക്സിംഗ് മത്സരത്തിൻ്റെ സംപ്രേക്ഷണം, ഡേറ്റിംഗ് റിയാലിറ്റി ഷോയായ 'ലവ് ഈസ് ബ്ലൈൻഡ്' ലൈവ് റീ യൂണിയൻ എന്നിവ നടന്നപ്പോഴും സ്ട്രീമിംഗ് തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, 'സ്‌ട്രേഞ്ചർ തിങ്‌സ്' സീസൺ 4-ൻ്റെ അവസാന രണ്ട് എപ്പിസോഡുകൾ 2022-ൽ പുറത്തിറങ്ങിയപ്പോഴും സമാനമായ തടസ്സം നേരിട്ടിരുന്നു. ഈ സീസണിൽ ഇത് ഒഴിവാക്കാൻ മുൻകരുതലെടുത്തിരുന്നതായി ഷോയുടെ നിർമ്മാതാക്കളിൽ ഒരാളായ 'റോസ് ഡഫർ' ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ബാൻഡ്‌വിഡ്ത്ത് 30 ശതമാനം വർദ്ധിപ്പിച്ചിരുന്നുവെങ്കിലും ആരാധകരുടെ എണ്ണം കാരണം സെർവർ തകരുകയായിരുന്നു.
ആദ്യമായി ഒരു നേട്ടം
സീരീസ് ഫൈനൽ പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപ്, 'സ്‌ട്രേഞ്ചർ തിങ്‌സിൻ്റെ മുൻ സീസണുകളെല്ലാം നെറ്റ്ഫ്ലിക്സിന്റെ മികച്ച 10 ഷോകളുടെ ചാർട്ടിൽ ഇടംപിടിച്ചതും ഒരു നേട്ടമായി. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ഒരു ഷോയുടെ എല്ലാ സീസണുകളും ഒരേസമയം ടോപ്പ് 10-ൽ എത്തുന്നത് ഇത് ആദ്യമായാണ്. മൂന്ന് വർഷം കാത്തിരുന്ന ശേഷമാണ് സീസൺ 5-ന്റെ ആദ്യ നാല് എപ്പിസോഡുകൾ പ്രേക്ഷകരിലേക്ക് എത്തിയത്. 'ഏറ്റവും അക്രമാസക്തമായ മരണം' ഈ സീസണിൽ ഉണ്ടാകുമെന്നും കഥാപാത്രങ്ങളുടെ പ്രായത്തെ മറികടക്കാൻ ടൈം ജമ്പ് ഉണ്ടാകുമെന്നും ഡഫർ സഹോദരന്മാർ സൂചന നൽകിയിരുന്നു.


