ക് പ്യാര്‍ കി നഗ്മാ ഹേ...എന്ന ഗാനം അതിമനോഹരമായി പാടി ആരാധകരുടെ മനം കവര്‍ന്ന ഗായികയാണ് റനു മണ്ഡല്‍. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലിരുന്ന്  ലതാമങ്കേഷ്ക്കറിന്‍റെ പ്രശസ്തമായ ഗാനം അതിമനോഹരമായി പാടിയ അവര്‍ തന്‍റെ സ്വരമാധുര്യം കൊണ്ട് ഏവരും കൊതിക്കുന്ന ബോളിവുഡില്‍ വരെ എത്തി.

ഗാനമികവുകൊണ്ട് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയ റനുവിന്‍റെ ജീവിതം സിനിമയാകുന്നുവെന്നാണ് പുതിയ വിവരം. ഹൃഷികേഷ് മണ്ഡല്‍ ആണ് റനു മണ്ഡലിന്‍റെ ജീവിതം സിനിമയാക്കുന്നത്. റനുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം. 

ഇക്കാര്യം സുദിപ്ത ചക്രബര്‍ത്തി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥ ഇതുവരേയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട്  ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റനുവിന്‍റെ ജീവിതമാണ് സിനിമയാക്കുന്നതെന്നും അതിനുമുമ്പുള്ള ജീവിതം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹൃശികേഷ് മണ്ഡല്‍  വ്യക്തമാക്കി.