Asianet News MalayalamAsianet News Malayalam

'പ്രിയ അല്‍ഫോന്‍സ് പുത്രന്'; വൈകാരികമായ കത്തുമായി 'സൂരറൈ പോട്ര്' സംവിധായിക

"നിങ്ങളുടെ സിനിമ ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്"

Sudha Kongara wrote an emotional note for director alphonse puthren nsn
Author
First Published Oct 31, 2023, 4:00 PM IST

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പലപ്പോഴും ചര്‍ച്ച സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. എന്നാല്‍ ഇന്നലെ അദ്ദേഹം പങ്കുവച്ച കുറിപ്പ് സിനിമാപ്രേമികളില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. താന്‍ സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്നും ആരോഗ്യപരമായ കാരണങ്ങളാണ് പിന്നിലെന്നുമായിരുന്നു അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടെന്ന് താന്‍ തന്നെ കണ്ടെത്തിയിരിക്കുകയാണെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു. പ്രേമത്തിന്‍റെ സംവിധായകന്‍ എന്ന നിലയില്‍ ഭാഷാതീതമായി ഈ പോസ്റ്റ് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏറെ വൈകാതെ അല്‍ഫോന്‍സ് തന്‍റെ അക്കൌണ്ടില്‍ നിന്ന് ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അല്‍ഫോന്‍സിനെ സംബോധന ചെയ്തുകൊണ്ട് തമിഴ് സംവിധായിക സുധ കൊങ്കര എഴുതിയിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

"പ്രിയ അല്‍ഫോന്‍സ് പുത്രന്‍, നിങ്ങളുടെ സിനിമ ഞാന്‍ മിസ് ചെയ്യാന്‍ പോവുകയാണ്. എന്‍റെ എക്കാലത്തെയും പ്രിയ ചിത്രമാണ് പ്രേമം. ഏറ്റവും താഴ്ന്ന നിലയിലുള്ളപ്പോള്‍ എന്നെ സജീവമാക്കിയത് ആ ചിത്രമാണ്. തുടര്‍ച്ചയായി അത് കണ്ടിരിക്കാന്‍ എനിക്കാവും. സ്നേഹത്തിലായിരിക്കുക എന്ന ആശയത്തോട് വീണ്ടും ഞാന്‍ സ്നേഹത്തിലായത് ആ ചിത്രം കണ്ടപ്പോഴായിരുന്നു. ഏത് രൂപത്തിലും സര്‍ഗാത്മകത തുടരുക. ഞാന്‍ അത് സ്വീകരിക്കും", സുധ കൊങ്കര കുറിച്ചു.

കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിച്ച പ്രേമം പുറത്തെത്തി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ അടുത്ത ചിത്രം ഗോള്‍ഡുമായി എത്തിയത്. അതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രവുമായിരുന്നു ഇത്. എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്കൊപ്പം എത്താനാവാതെപോയ ചിത്രം ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും കടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍ഫോന്‍സ് ഇടവേളയും എടുത്തിരുന്നു. 

ALSO READ : 'വര്‍മന്‍' പ്ലേലിസ്റ്റിന് പിന്നാലെ 'പാര്‍ഥി'യുടെ പ്ലേലിസ്റ്റും വൈറല്‍; യുട്യൂബില്‍ ആളെക്കൂട്ടി പഴയ പാട്ടുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios