Asianet News MalayalamAsianet News Malayalam

'അറം' അങ്ങനെ 'കരിയിലക്കാറ്റുപോലെ' ആയി; സുധാകര്‍ മംഗളോദയവും പത്മരാജനും

'വർഷങ്ങൾക്കു മുമ്പ്,1985ൽ ആവണം, സുമുഖനായ ഒരു ചെറുപ്പക്കാരൻ വീട്ടിൽ അച്ഛനോടൊപ്പം വന്നത് ഓർക്കുന്നു. മിതഭാഷി, അങ്ങേയറ്റം സാധു. അദ്ദേഹത്തിന്‍റെ ഒരു റേഡിയോ നാടകം അതിനു മുമ്പ് ഒരു ദിവസം കേട്ടിരുന്നു..'

sudhakar mangalodayam p padmarajan and kariyilakkattu pole movie
Author
thiruvananthapuram, First Published Jul 18, 2020, 1:43 PM IST

മലയാളത്തിലെ ജനപ്രിയ സാഹിത്യത്തിന്‍റെ മുഖങ്ങളിലൊന്നായിരുന്ന സുധാകര്‍ മംഗളോദയം ടെലിവിഷന്‍ സീരിയലുകളിലൂടെയും അപൂര്‍വ്വം സിനിമകളിലൂടെയും രചയിതാവ് എന്ന നിലയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ചില സീരിയലുകളുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച അദ്ദേഹം ഏതാനും സിനിമകളുടെയും രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. സുധാകര്‍ മംഗളോദയം എഴുതിയ 'ശിശിരത്തില്‍ ഒരു പ്രഭാതത്തില്‍' എന്ന റേഡിയോ നാടകത്തില്‍ നിന്നാണ് പത്മരാജന്‍ 'കരിയിലക്കാറ്റുപോലെ' എന്ന സിനിമ സൃഷ്ടിച്ചത്. സുധാകറിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് പത്മരാജന്‍ തന്നെയായിരുന്നു. ആ സിനിമയുടെ ആലോചനകളുടെ പശ്ചാത്തലത്തില്‍ സുധാകര്‍ മംഗളോദയത്തെ ഓര്‍ത്തെടുക്കുകയാണ് പത്മരാജന്‍റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍. അറം എന്നായിരുന്നു ആ സിനിമയ്ക്ക് ആദ്യം പേരിട്ടിരുന്നതെന്നും പിന്നീട് മാറ്റുകയായിരുന്നുവെന്നും അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനന്തപത്മനാഭന്‍റെ സുധാകര്‍ മംഗളോദയം ഓര്‍മ്മ

വർഷങ്ങൾക്കു മുമ്പ്,1985ൽ ആവണം, സുമുഖനായ ഒരു ചെറുപ്പക്കാരൻ വീട്ടിൽ അച്ഛനോടൊപ്പം വന്നത് ഓർക്കുന്നു. മിതഭാഷി, അങ്ങേയറ്റം സാധു. അദ്ദേഹത്തിന്‍റെ ഒരു റേഡിയോ നാടകം അതിനു മുമ്പ് ഒരു ദിവസം കേട്ടിരുന്നു. ആകാശവാണിയിലെ അച്ഛന്‍റെ മുതിർന്ന സഹപ്രവർത്തകയും അമ്മയുടെ അടുത്ത സുഹൃത്തുമായ സരസ്വതി അമ്മയാണ് അത് കേൾക്കാൻ വിളിച്ചു പറഞ്ഞത്. ഉദ്വേഗഭരിതമായ ഒരു അരമണിക്കൂർ നാടകം ആയിരുന്നു അത്. പേര് "ശിശിരത്തിൽ ഒരു പ്രഭാതത്തിൽ" എന്നോർമ്മ. നാടകത്തിൽ സിനിമക്കുള്ള ഒരു എലിമെന്‍റ് ഉണ്ടെന്ന് കണ്ട് അച്ഛൻ അദ്ദേഹത്തെ വരുത്തിയതാണ്. അന്നു തന്നെ കഥയുടെ കോപ്പിറൈറ്റ് വാങ്ങി. ഒരു നിർദ്ദേശം മാത്രം അച്ഛൻ വെച്ചു. ചിത്രത്തിന്‍റെ ടൈറ്റിലിൽ കഥ: സുധാകർ പി. നായർ എന്നാവും വെക്കുക. (അന്ന് സുധാ മംഗളോദയം എന്ന പേരിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്). അദ്ദേഹം അത് സമ്മതിച്ചു.

പിന്നീട് "കരിയിലക്കാറ്റുപോലെ" എന്ന സിനിമയുടെ തിരക്കഥ അഛൻ കോവളം സമുദ്ര ഹോട്ടലിൽ ഇരുന്നാണ് എഴുതുന്നത് .ക്ലൈമാക്സിലെ ആത്മഹത്യയും തെളിവായ ഡയറി നശിപ്പിക്കലും ഒക്കെ സിനിമയിൽ വന്ന പരിവർത്തനങ്ങൾ. തിരക്കഥ എഴുതുമ്പോൾ ക്രൈം കൺസൾട്ടന്‍റ് ആയി കുറ്റാന്വേഷണ വിദഗ്ധനായ ഡോ. മുരളീകൃഷ്ണയുമായി ഇൻക്വെസ്റ്റിന്‍റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ആ രംഗചിത്രീകരണ സമയത്തും അദ്ദേഹം ഉണ്ടായിരുന്നു. ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര് "അറം" എന്നായിരുന്നു. സിനിമാലോകത്തെ ചില അന്ധവിശ്വാസങ്ങളുടെ ഫലമായി അത് മാറ്റി. അഛന്‍റെ അമ്മ കൂടി പേര് മാറ്റാൻ ആവശ്യപ്പെട്ടു (സംവിധായകൻ കൊല്ലപ്പെടുന്നത് അറം പറ്റണ്ട!). 

വർഷങ്ങൾ കടന്നുപോയി. പിന്നീട് ഇന്ത്യാവിഷനിൽ ജോലി ചെയ്യുമ്പോൾ പഴയ വിപ്ളവ നായിക കൂത്താട്ടുകുളം മേരിയുടെ ഒരു അഭിമുഖം എടുക്കാൻ പിറവം- വെല്ലൂർ ഭാഗത്ത് പോയപ്പോൾ ആണ് അത് സുധാകർ മംഗളോദയത്തിന്‍റെ ജന്മസ്ഥലം ആണെന്ന് അറിയുന്നത്. മേരിയമ്മയുടെ അടുത്ത ബന്ധു അദ്ദേഹത്തിന്‍റെ സ്നേഹിതനായിരുന്നു. അന്നാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുന്നത്. എത്ര സാധു ആണദ്ദേഹം എന്നും എന്തൊരു ജീവിതാനുഭവങ്ങളിലൂടെയാണ് കടന്നുവന്നത് എന്നും.. ഒരു കാലഘട്ടത്തിലെ മലയാള ജനപ്രിയ വാരികകളിൽ മുഴുവനും അദ്ദേഹത്തിന്‍റെ സൃഷ്ടികൾ ആയിരുന്നല്ലൊ. എത്രയോ ഹിറ്റ് പരമ്പരകൾക്ക് അദ്ദേഹം ജീവൻ പകർന്നു. ഇന്ന് വിയോഗവിവരം അറിഞ്ഞപ്പോൾ ഒരു കാലം മനസ്സിലൂടെ പറന്നു പോയി. ഒരു വിനയ നമ്രസ്‍മിതവും. പ്രണാമം!

Follow Us:
Download App:
  • android
  • ios