കേരള സ്റ്റേറിക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കുറഞ്ഞുപോയെന്ന് സുദീപ്തോ സെൻ.
റിലീസ് വേളയിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായ സിനിമയായിരുന്നു ദ കേരള സ്റ്റോറി. ചിത്രത്തിന്റെ പ്രമേയം കേരളത്തിൽ വലിയതോതിൽ വിവാദങ്ങളും വിമർശനങ്ങളും ഉയരാൻ കാരണമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരള സ്റ്റോറി വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. മികച്ച സംവിധായകൻ അടക്കമുള്ള രണ്ട് പുരസ്കാരങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.
വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ, കേരള സ്റ്റേറിക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കുറഞ്ഞുപോയെന്നും ഇനിയും കിട്ടേണ്ടതായിരുന്നുവെന്നും സുദീപ്തോ സെൻ പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
"അതൊരു അത്ഭുതമായിരുന്നു. സാങ്കേതിക അവാർഡുകൾ ഞാൻ പ്രതീക്ഷിച്ചു. പ്രത്യേകിച്ച് ടെക്നിക്കൽ വിഭാഗത്തിൽ. അവരുടെ ജോലികൾ അംഗീകരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. സാങ്കേതികമായി വളരെ മികച്ചതായത് കൊണ്ടാണ് റിലീസ് ചെയ്ത് രണ്ടുവർഷം കഴിഞ്ഞിട്ടും സിനിമ ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് അവർക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കാരണം. എന്റെ ഛായാഗ്രാഹകന്‍ അവാർഡ് കിട്ടി. പക്ഷേ എൻ്റെ എഴുത്തുകാരിയും മേക്കപ്പ് ആർട്ടിസ്റ്റും എൻ്റെ നടി ആദാ ശർമ്മയ്ക്കും(മികച്ച നടി) പുരസ്കാരം കൊടുക്കാമായിരുന്നു. എങ്കിൽ സന്തോഷമായേനെ. പക്ഷെ അത് നടന്നില്ല, എനിക്ക് സങ്കടം തോന്നി", എന്നായിരുന്നു സുദീപ്തോ സെൻ പറഞ്ഞത്.
അതേസമയം, കേരള സ്റ്റോറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുദീപ്തോ സെൻ രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്ന് സംവിധായകന്‍ ആരോപിച്ചു. കേരള സ്റ്റോറിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.



