ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം

നയന്‍റീസ് കിഡ്‍സിന്‍റെ നൊസ്റ്റാള്‍ജിയ എന്നല്ലാതെ സമകാലിക ബോളിവുഡില്‍ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുല്‍ഖര്‍ നായകനായ ചുപ്പ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടന്‍ നേടിയ വളര്‍ച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങള്‍ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോള്‍ എന്ന പേര് വാര്‍ത്തകളില്‍ ഇടംപിടിച്ചുമില്ല. എന്നാല്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കഥ മാറി! ഗദര്‍ 2 എന്ന ചിത്രം പുറത്തെത്തിയത് മുതല്‍ ദേശീയ മാധ്യമങ്ങളുടെ എന്‍റര്‍ടെയ്ന്‍മെന്‍റ് കോളങ്ങളില്‍ മറ്റേത് മുന്‍നിര താരത്തേക്കാള്‍ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിന്‍റെ പേരാണ്.

2001 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാംഭാ​ഗമായ ​ഗദര്‍ 2 ഓ​ഗസ്റ്റ് 11 നാണ് തിയറ്ററുകളില്‍ എത്തിയത്. വന്‍ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ ​​ഗദര്‍ 2 ന് വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിന്‍റെ തന്നെ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമാണ്. റിലീസ് ചെയ്ത് 22 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 487.65 കോടി നേടിയതായാണ് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് അറിയിച്ചത്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇക്കാലയളവില്‍ ചിത്രം നേടിയത് 631.80 കോടിയാണ്. 60 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു നേരത്തെ പുറത്തെത്തിയിരുന്ന റിപ്പോര്‍ട്ടുകള്‍.

ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി നിര്‍മ്മാതാക്കള്‍ക്ക് വന്‍ സാമ്പത്തികനേട്ടം നല്‍കിക്കൊടുത്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം എത്രയാണ്? ചിത്രത്തിലെ താര സിം​ഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സണ്ണി വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര താരങ്ങളില്‍ പലരും ഷുവര്‍ ബെറ്റ് ചിത്രങ്ങള്‍ക്ക് പ്രോഫിറ്റ് ഷെയറിം​ഗ് നിബന്ധന വെക്കുമ്പോള്‍ അതില്ലാതെ നേരിട്ട് പ്രതിഫലം കൈപ്പറ്റുകയായിരുന്നു അദ്ദേഹം. അതേസമയം ​ഗദര്‍ 2 ന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് സണ്ണി ഡിയോള്‍ പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബോളിവുഡ് ഹം​ഗാമയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. എന്‍റെ മൂല്യം എനിക്കറിയാം. കരിയറിന്‍റെ ഏറ്റവും മോശം ഘട്ടത്തില്‍ പോലും ശമ്പളത്തിന്‍റെ കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അടുത്ത ചിത്രത്തിന്‍റെ കരാര്‍ ഒപ്പിടുമ്പോഴത്തെ കാര്യമല്ലേ ഞാന്‍ ഇനി വാങ്ങുന്ന പ്രതിഫലം?, സണ്ണി പ്രതികരിച്ചിരുന്നു

ALSO READ : അത് വിജയ് തന്നെ! ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പ്രിയതാരത്തിന് തിയറ്ററില്‍ വിസിലടിച്ച് തമിഴ് സൂപ്പര്‍താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക