ആളുകള്‍ സിനിമ കാണണമെന്ന് കോടതി ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല. എന്നാൽ സിനിമ റിലീസ് ചെയ്യണമെന്നും സുപ്രീം കോടതി വ്യക്തമാക്കി

ദില്ലി: കര്‍ണാടകയിൽ കമൽ ഹാസന്‍റെ തഗ് ലൈഫ് സിനിമയുടെ റിലീസ് വിലക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വിലക്ക് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഇത്തരം സംഘങ്ങള്‍ക്ക് കീഴടങ്ങാൻ അനുവദിക്കരുതെന്നും നിയമവാഴ്ച ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇത്തരം നടപടിയിൽ സുപ്രീം കോടതി കടുത്ത ആശങ്ക അറിയിച്ചു. ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. സിനിമയുടെ റിലീസ് കർണാടകത്തിൽ വിലക്കിയ ചില സംഘടനകളുടെ നടപടികളിൽ കടുത്ത ആശങ്കയും പ്രതിഷേധവും കോടതി അറിയിച്ചു. ഇത്തരം ആൾകൂട്ടങ്ങൾ നിയന്ത്രണം ഏറ്റെടുക്കാൻ പാടില്ലെന്നും നിയമവാഴ്ച ഉറപ്പാക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

സെന്‍ട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനുള്ള (സിബിഎഫ്‍സി) ഏതൊരു സിനിയും റിലീസ് ചെയ്യണമെന്നും സംസ്ഥാനം അതിന്‍റെ പ്രദര്‍ശനം ഉറപ്പാക്കണമെന്നുമാണ് നിയമവാഴ്ച ആവശ്യപ്പെടുന്നത്. തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭയന്ന് സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാൻ കഴിയില്ല. ആളുകള്‍ സിനിമ കാണാതിരുന്നേക്കാം. അത് മറ്റൊരു കാര്യമാണ്.

 ആളുകള്‍ സിനിമ കാണണമെന്ന് കോടതി ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ല. എന്നാൽ, സിനിമ റിലീസ് ചെയ്യണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിലക്കിനെതിരെ മഹേഷ് റെഡ്ഡി നൽകിയ പൊതുതാൽപര്യ ഹർജി പരി​ഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തിൽ കർണാടകയോട് നാളെ വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി, വ്യാഴാഴ്ച കേസ് വീണ്ടും പരി​ഗണിക്കുമെന്നും അറിയിച്ചു.