കമൽ ഹാസനും മണിരത്നവും ഒന്നിച്ച 'തഗ് ലൈഫ്' ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിടുന്നത്. 

ചെന്നൈ: കമൽ ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടിന് ശേഷം ഒന്നിച്ച ചിത്രമായ 'തഗ് ലൈഫ്' ബോക്സ് ഓഫീസിൽ വന്‍ പരാജയമാണ് നേരിടുന്നത്. ചിത്രം ഇറങ്ങി 11-ാം ദിവസം ഏറ്റവും കുറഞ്ഞ ഒറ്റ ദിവസ കളക്ഷനായ 69 ലക്ഷം രൂപ മാത്രമാണ് നേടിയത്. അതും ചിത്രം ഇറങ്ങി രണ്ടാം ഞായറാഴ്ചയാണ് ഇത് എന്നതാണ് പ്രധാന കാര്യം.

മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രം ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ച പ്രീ റിലീസ് ഹൈപ്പിനോട് ഒരുതരത്തില്‍ ചേരുന്ന പ്രകടനം അല്ല നടത്തിയത്. രണ്ടാം ആഴ്ചയിൽ എത്തിയപ്പോള്‍ കളക്ഷനിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 46.37 കോടി മാത്രമാണ് നേടിയത്. ഏതാണ്ട് 200 കോടിക്ക് അടുത്ത് മുടക്കുമുതലുള്ള ചിത്രം 50 കോടി പോലും ഇന്ത്യന്‍ ബോക്സോഫീസില്‍ പിന്നിടാതെ കിതയ്ക്കുകയാണ്. ചിത്രം ഉടന്‍ ഒടിടിയിലും എത്തിയേക്കും എന്നാണ് വിവരം.

'തഗ് ലൈഫ്' ഒരു ആക്ഷൻ ഡ്രാമ എന്ന രീതിയിലാണ് ഒരുക്കിയതെങ്കിലും. ഒരുതരത്തില്‍ പ്രേക്ഷകരെ ഇമോഷണലായി കളക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വന്നത്. ചിത്രത്തിലെ പല കഥാസന്ദര്‍ഭങ്ങളും ഒരിക്കലും കമല്‍ മണിരത്നം ചിത്രത്തില്‍ പ്രതീക്ഷിക്കാത്താണെന്നാണ് റിവ്യൂകള്‍ വന്നത്.

ഇന്ത്യയിൽ, റിലീസ് ദിവസം ആകെ 4917 ഷോകൾ ഉണ്ടായിരുന്നു കമല്‍ ചിത്രത്തിന്. ഹിന്ദിയിൽ 1535 ഷോകളും, തമിഴിൽ 2503 ഷോകളും, തെലുങ്കിൽ 777 ഷോകളും, ഐമാക്സ് 2D, 4DX എന്നിവയിൽ എല്ലാ ഭാഷകളിലുമായി ഏകദേശം 102 ഷോകളും ചിത്രം നേടിയിരുന്നു.

റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഈ എണ്ണം 2089 ആയി കുറഞ്ഞു, ഇപ്പോള്‍ ആയിരത്തില്‍ താഴെപ്പോലും സ്ക്രീനില്‍ ചിത്രം ഇല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.