കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല എന്നും സുരഭി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

സുരഭിയുടെ വാക്കുകള്‍: 

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ്  എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ്  കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങൾ...

അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം.... അപകടത്തിൽ  രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..

കരിപ്പൂര്‍ അപകടത്തിനു പിന്നാലെ ആദ്യമെത്തിയ മരണവാര്‍ത്ത വിമാനത്തിന്‍റെ ക്യാപ്റ്റനായ ദീപക് വസന്ത് സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പത് വര്‍ഷധിലധിക കാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്‍റിന്‍റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ 127th കോഴ്‌സിൽ സ്വോർഡ്‌ ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്. 

Also Read: 'ആ സംഭാഷണങ്ങള്‍ എന്നുമോര്‍ക്കും സര്‍'; ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് പൃഥ്വിരാജ്...