പിറന്നാള്‍ സമ്മാനമായി ആഢംബര കാര്‍.
മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം. നടി സുരഭി സന്തോഷ് ആണ് പരമ്പരയിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് സുരഭിയുടെ ഭർത്താവ്. ഇത്തവണ സുരഭിയുടെ പിറന്നാൾ ദിനത്തിൽ നീല നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് പ്രണവ് ചന്ദ്രൻ സുരഭിക്ക് സമ്മാനമായി നൽകിയത്.
''അവൾക്ക് നീല നിറമാണ് ഇഷ്ടം, എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ'', എന്ന അടിക്കുറിപ്പോടെയാണ് കാർ ഷോറൂമിൽ നിന്ന് ഇറക്കുന്ന വീഡിയോ പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും മുംബൈയിലാണ് സ്ഥിരതാമസം എന്നതിനാൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലാണ് കാർ ഇറക്കിയിരിക്കുന്നത്. മിനിസ്ക്രീനിലെ സുരഭിയുടെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേർ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നുണ്ട്.
സുരഭിക്ക് ആശംസ നേർന്ന് പവിത്രത്തിലെ നായകൻ ശ്രീകാന്ത് ശശികുമാറും പോസ്റ്റ് പങ്കുവെച്ചിരുന്നു. ''എന്റെ ഓൺസ്ക്രീൻ പെയറിന് പിറന്നാൾ ആശംസകൾ. ഇത്തവണ സെറ്റിൽ പിറന്നാൾ ആഘോഷിക്കാൻ കഴിയാതെ പോയത് മിസ് ചെയ്യുന്നു, പക്ഷേ എല്ലാ സ്നേഹവും ആശംസകളും നേരുന്നു. സന്തോഷവും വിജയവും നിറഞ്ഞ ഒരു വർഷമാവട്ടെ എന്നാശംസിക്കുന്നു. ഒരിക്കൽ കൂടെ ഹാപ്പി ബർത്ത് ഡേ വേതാളം'', എന്ന അടിക്കുറിപ്പോടെയാണ് സുരഭിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ശ്രീകാന്ത് പിറന്നാൾ ആശംസ പങ്കുവെച്ചത്.
സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുൻപ് കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്. കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടിയാണ്.
