'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 

സുരേഷ് ​ഗോപിയെ(Suresh Gopi) നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ (Paappan) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം താരത്തിന്റെ 252-ാമത്തെ സിനിമയാണ്. നിലവിൽ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ 253-ാമത്തെ ചിത്രത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സുരേഷ് ​ഗോപി.

ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്ററിനൊപ്പമാണ് 253മത്തെ ചിത്രത്തെ കുറിച്ച് സുരേഷ് ​ഗോപി പറയുന്നത്. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് ഇതിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. പത്രം 2 ലോഡിം​ഗ് എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ പത്ര കട്ടിങ്ങുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് കൊണ്ടാണോ എന്നാണ് മറ്റുചിലർ കമന്റ് ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

മഞ്ജു വാര്യർ, സുരേഷ് ഗോപി എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ ‘പത്രം’. ശക്തമായ സംഭാഷണങ്ങൾകൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചാർട്ടുകളിൽ ഒന്നാണ്. 

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ​ഗോപിയും ​മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Read Also: 'അങ്ങയെപ്പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍സ്റ്റാര്‍'; സുരേഷ് ഗോപി അനുഭവം പറഞ്ഞ് ഷമ്മി തിലകന്‍

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.