സുരേഷ് ഗോപിയുടെ കരിയറിലെ നാഴികക്കല്ലായ 'കമ്മീഷണർ' 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന ഈ ബ്ലോക്ക്ബസ്റ്റർ 4K സാങ്കേതിക ഉടന്‍ റിലീസ് ചെയ്യും.
മലയാള സിനിമയിൽ ഒട്ടനവധി പൊലീസ് കഥാപാത്രങ്ങളും സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ തട്ട് എന്നും താണു തന്നെയിരിക്കും. പക്കാ പൊലീസ് ഗെറ്റപ്പിൽ സുരേഷ് ഗോപി എത്തുമ്പോൾ പിന്നെ പറയണ്ട, ബിഗ് സ്ക്രീനിൽ ചടുലമായ പ്രകടനവും സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിക്കും. അത്രക്കുണ്ട് സുരേഷ് ഗോപി സമ്മാനിച്ച പൊലീസ് വേഷങ്ങൾ. അതിൽ ആദ്യം എടുത്തു പറയേണ്ട വേഷം ഭരത് ചന്ദ്രൻ ഐപിഎസിന്റേതാണ്. 90കളിൽ റിലീസ് ചെയ്ത് ഇന്നും പ്രേക്ഷകരെ ആവേശക്കൊടുമുടിയിൽ എത്തിക്കാൻ ഭരത് ചന്ദ്രന് സാധിക്കുന്നുണ്ട്. കമ്മീഷണർ എന്ന ചിത്രത്തിലേതാണ് ഈ കഥാപാത്രം.
റിലീസ് ചെയ്ത് 31 വർഷങ്ങൾക്കിപ്പുറം കമ്മീഷണർ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങൾ നടന്നിരുന്നു. ഈ അഭ്യൂഹങ്ങൾ തെറ്റായില്ലെന്ന വിവരമാണ് സുരേഷ് ഗോപി ഇപ്പോൾ പങ്കുവയ്ക്കുന്നത്. അതെ മുപ്പത്തി ഒന്ന് വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി- രൺജി പണിക്കർ- ഷാജി കൈലാസ് കോമ്പോയിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കമ്മീഷണർ റി റിലീസ് ചെയ്യുന്നു. ചിത്രം ഉടൻ തിയറ്ററുകളിലേക്ക് എത്തും. ഇതോട് അനുബന്ധിച്ചുള്ള ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എച്ച് വൈ സ്റ്റുഡിയോസ് ആണ് കമ്മീഷണർ ഫോർകെ റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
1994ൽ ആയിരുന്നു കമ്മീഷണർ റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത് ചിത്രം രൺജി പണിക്കരായിരുന്നു എഴുതിയത്. റിലീസ് സമയത്ത് ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ചിത്രം. സുരേഷ് ഗോപിക്ക് ഒപ്പം എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവരായിരുന്നു മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. രാജമണിയായിരുന്നു സംഗീത സംവിധായകൻ. സുരേഷ് ഗോപിയെ മലയാള സിനിമയിലെ ഒരു പ്രമുഖ താരമാക്കി മാറ്റുന്നതിൽ ഈ ചിത്രം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് 2005ൽ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന പേരിൽ ഒരു തുടർഭാഗം പുറത്തിറങ്ങിയിരുന്നു. ഷാജി കൈലാസിനു പകരം രഞ്ജി പണിക്കർ ആയിരുന്നു അന്ന് സംവിധായകനായത്. ശേഷം ദി കിംഗ് (1995-ൽ പുറത്തിറങ്ങിയത്), കമ്മീഷണർ എന്നിവയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ദി കിംഗ് & ദി കമ്മീഷണർ എന്ന പേരിൽ ഒരു ക്രോസ്ഓവർ ചിത്രം 2012-ൽ പുറത്തിറങ്ങിയിരുന്നു.



