കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം

മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസ്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ് ഗോകുലം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലാവും ചിത്രം തയ്യാറാവുക. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 

പല പ്രായത്തിലുള്ള അഭിനയ മോഹികൾക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്. 14 മുതൽ 20 വയസ് പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികൾ, 16 മുതൽ 18 വരെ പ്രായ പരിധിയിൽ പെടുന്ന ഇരട്ടകളായ പെൺകുട്ടികൾ, 10 -14 പ്രായപരിധിയിൽ വരുന്ന ആൺകുട്ടികൾ എന്നിവരെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി തേടുന്നത്. മധ്യ തിരുവിതാംകൂർ നിവാസികൾക്കാണ് മുൻഗണന.

താല്പര്യം ഉള്ളവർ, 30 സെക്കന്റ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും എഡിറ്റ് ചെയ്യാത്ത തങ്ങളുടെ രണ്ട് ഫോട്ടോയും 8848287252 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. ഓഗസ്റ്റ് 22 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.

തിയറ്ററില്‍ വിജയം നേടിയ ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ടത്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു. സുരേഷ് ഗോപിക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി ബിജു മേനോന്‍ എത്തിയ ചിത്രത്തില്‍ സിദ്ദിഖ്, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും അഭിനയിച്ചു. 

ALSO READ : ജേക്സ് ബിജോയ്‍യുടെ സംഗീതം; 'സീക്രട്ടി'ലെ മറ്റൊരു ഗാനം ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം