കൊച്ചി: ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി. എടുത്തു ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങൾ  നിലനിൽക്കുന്ന  സാഹചര്യത്തിൽ വെള്ളിയാഴ്‍ച നിർവാഹക സമതിയോഗം കൊച്ചിയിൽ ചേര്‍ന്നിരുന്നു. 

പ്രസിഡന്‍റ് മോഹൻലാൽ, വൈസ് പ്രസിഡന്‍റ് മുകേഷ് , ജനറൽ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവർ നേരിട്ട് പങ്കെടുത്ത യോഗത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം അംഗങ്ങൾക്കിടയിൽ നിന്നും ഉയർന്നിരുന്നു. സമാനമായ വിഷയങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്നും അംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടെങ്കിലും  പുറത്താക്കലുണ്ടായില്ല.