കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മറ്റ് മേഖലകളെപ്പോലെ രാജ്യത്തെ സിനിമാ വ്യവസായവും നിശ്ചലമാണ്. പ്രദര്‍ശനശൃഖലകള്‍ പൂട്ടിക്കിടക്കുന്നതിനൊപ്പം സിനിമകളുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം നിിശ്ചലമാണ്. നിര്‍മ്മാണ മേഖലയിലെ ദിവസ വേതനക്കാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കായുള്ള സഹായഫണ്ടിലേക്ക് 10 ലക്ഷം സംഭാവന നല്‍കിയിരിക്കുകയാണ് തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും അവരുടെ അച്ഛന്‍ ശിവകുമാറും ചേര്‍ന്ന്.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വരുമാനം നഷ്ടമായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ടു വരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഈ അഭ്യര്‍ഥന മാനിച്ചാണ് സൂര്യയും കാര്‍ത്തിയും ശിിവകുമാറും ചേര്‍ന്ന് സഹായം നല്‍കിയത്. അസോസിയേഷനിലെ മറ്റ് അംഗങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് സിനിമാ മേഖലയിലെ അടച്ചുപൂട്ടല്‍ തീരുമാനമെന്നും ഈ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം ഫെഡറേഷന്‍റെ സഹായനിധിയിലേക്ക് രജനീകാന്ത് 50 ലക്ഷം നല്‍കിയിരുന്നു. ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം നല്‍കിയപ്പോള്‍ പ്രകാശ് രാജ് 150 അരിച്ചാക്കുകളാണ് സംഭാവനയായി നല്‍കിയത്.