സീരീസിലൂടെ ലഭിച്ച പ്രശസ്തി അവസാന സീസണുകളിൽ തനിക്ക് പാനിക് അറ്റാക്കുകൾക്ക് കാരണമായെന്നും, പ്രശസ്തി അസ്ഥിരമായ ഒന്നാണെന്നും എമിലിയ പറയുന്നു.
ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലെ ഡെനേറിസ് ടർഗേറിയൻ എന്ന കഥാപാത്രമായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് എമിലിയ ക്ലാർക്ക്. ഇപ്പോഴിതാ ഹോളിവുഡിൽ നിലനിൽക്കുന്ന അസമത്വങ്ങളെ കുറിച്ചും, ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസ് തന്നിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് എമിലിയ ക്ലാർക്ക്.
വേതനത്തിൽ ലിംഗപരമായ വ്യത്യാസം ഹോളിവുഡിൽ പ്രകടമാണെന്ന് എമിലിയ ക്ലാർക്ക് പറയുന്നു. സ്ത്രീകൾ ചെയ്യുന്ന വൈകാരിക ജോലികളുടെ അളവാണ് പലപ്പോഴും അംഗീകരിക്കപ്പെടുന്നതെന്നും മാറ്റം വരുന്നുണ്ടെന്നും എമിലിയ ക്ലാർക്ക് പറയുന്നു. ഗെയിം ഓഫ് ത്രോൺസ് സീരീസ് ചെയ്യുന്ന സമയത്ത് തനിക്ക് പ്രശ്തി കാരണം അവസാന സീസണുകൾ ആയപ്പോഴേക്ക് പാനിക് അറ്റാക്ക് ഉണ്ടായിരുന്നുവെന്നും എമിലിയ ക്ലാർക്ക് വ്യക്തമാക്കി.
"ഹോളിവുഡിൽ ഇപ്പോഴും വേതനത്തിൽ വലിയ മാറ്റമുണ്ട്. പക്ഷേ തീർച്ചയായും അത് മെച്ചപ്പെടുന്നുണ്ട്. പാശ്ചാത്യ സമൂഹത്തിൽ നമ്മൾ ഇപ്പോൾ അംഗീകരിക്കുന്നത് സ്ത്രീകൾ ചെയ്യുന്ന വൈകാരികമായ ജോലികളുടെ അളവാണ്. ഇന്ന് സ്ത്രീകൾ ജോലിക്കുപോകുന്നതും പുരുഷന്മാർ വീട്ടുജോലികൾ നോക്കുന്നത് കാണുന്നതും ഇത്തരം മാറ്റങ്ങളുടെ തെളിവുകളാണ്. ഈ കാര്യങ്ങളെല്ലാം അംഗീകരിക്കുന്നുണ്ട്. സ്ഥിതിഗതികൾ തീർച്ചയായും മാറുന്നുണ്ട്." എമിലിയ ക്ലാർക്ക് പറയുന്നു.
"ഒരു നിശ്ചിത സമയത്തേക്കാണ് ഞാൻ ഗെയിം ഓഫ് ത്രോൺസിലൂടെ വന്ന പ്രശസ്തി അനുഭവിച്ചത്. സീരീസിലെ വിഗ് ധരിച്ച എൻ്റെ കഥാപാത്രത്തിന്റെ രൂപം യഥാർത്ഥ ജീവിതത്തിലെ എൻ്റെ രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. എൻ്റെ ഷോ ഫാൻ്റസിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഷോയുടെ അവസാന സീസണുകളിൽ, എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായിരുന്നു. എനിക്ക് ആളുകളെ ഇഷ്ടമാണ്, എനിക്ക് അവരോട് സംസാരിക്കാനും ഇടപഴകാനും നല്ല സമയം ചെലവഴിക്കാനും ആഗ്രഹമുണ്ട്. പക്ഷേ ചിലപ്പോൾ പ്രശസ്തി അതിനിടയിൽ വരുന്നു. പിന്നെ കുറച്ച് വർഷങ്ങൾ ഗെയിം ഓഫ് ത്രോൺസ് ചെയ്യാതെയിരിക്കുമ്പോൾ, നിങ്ങൾക്ക് ആളുകൾക്കിടയിൽ അത്ര അറിയപ്പെടാതെയാകുന്നു. അതിനാൽ, ഇതൊരു അസ്ഥിരമായ കാര്യമാണ്. പ്രശസ്തി ഉണ്ടാകും, പിന്നെ അപ്രത്യക്ഷമാകും. രാവിലെ ഉണരാൻ കാരണം പ്രശസ്തിയായിരിക്കരുത് എന്ന് നിങ്ങൾ ഉറപ്പാക്കണം." എമിലിയ ക്ലാർക്ക് കൂട്ടിച്ചേർത്തു. എച്ച് ടി സിറ്റിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എമിലിയയുടെ പ്രതികരണം.



