ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിൻമാറി.
സൂര്യ ആരാധകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു ബാലയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റേത്. 'വണങ്കാൻ' എന്ന ചിത്രമാണ് ബാലയുടെ സംവിധാനത്തില്‍ സൂര്യ ചെയ്യാനിരുന്നത്. ബാലയുമായി വീണ്ടും ഒന്നിക്കുന്ന കാര്യം സൂര്യ തന്നെയായിരുന്നു അറിയിച്ചത്. എന്നാല്‍ ബാലയുടെ ചിത്രത്തില്‍ നിന്ന് സൂര്യ പിൻമാറിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.
'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. 'വണങ്കാൻ' എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു. മറ്റൊരു താരത്തെ ചിത്രത്തില്‍ നായകനാക്കാനാണ് ബാല ആലോചിക്കുന്നത്.
'പിതാമഹൻ' എന്ന ചിത്രത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നുവെന്നതിനാല്‍ 'വണങ്കാൻ' വൻ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയായിരുന്നു ചിത്രം നിര്‍മിക്കാൻ തീരുമാനിച്ചിരുന്നത്. 'സൂര്യ 41' എന്ന താല്‍ക്കാലിക പേരിലായിരുന്നു ചിത്രം ആദ്യം അറിയിപെട്ടിരുന്നത്.
ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'വണങ്കാൻ' എന്ന ചിത്രത്തിന്റെ കലാ സംവിധാനം വി മായ പാണ്ടിയും ആണ്.
Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
