സൂര്യയുടെ കരിയറിന്‍റെ തുടക്കത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെക്കി തമിഴ് താരം സൂര്യ. സിദ്ദിഖിന്‍റെ കൊച്ചി കാക്കനാട് ഉള്ള വീട്ടിലാണ് സൂര്യ എത്തിയത്. നിര്‍മ്മാതാവ് രാജശേഖറും ഒപ്പമുണ്ടായിരുന്നു. ഉറ്റവരോട് സംസാരിച്ച് അല്‍പസമയം അവിടെ ചിലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്.

സൂര്യയുടെ കരിയറിന്‍റെ തുടക്കത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. സിദ്ദിഖ് തന്നെ മലയാളത്തില്‍ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു തമിഴ് ചിത്രം. ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമാജീവിതം ആരംഭിച്ച് അധികകാലം ആയിട്ടില്ലാത്ത തനിക്ക് സിദ്ദിഖിനൊപ്പമുള്ള പ്രവര്‍ത്തനപരിചയം നല്‍‌കിയ പുതുചിന്തകളെക്കുറിച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പ് സൂര്യ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. വിജയ്, രമേശ് ഖന്ന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. 1999 ല്‍ എത്തിയ മലയാളം ഫ്രണ്ട്സിന്‍റെ തമിഴ് റീമേക്ക് 2001 ലാണ് റിലീസ് ചെയ്യപ്പെട്ടത്. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി മാറി ഇത്.

Scroll to load tweet…

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഓഗസ്റ്റ് 8 ന് ആയിരുന്നു സിദ്ദിഖിന്‍റെ മരണം. 69 വയസ്സായിരുന്നു. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. മലയാളത്തില്‍ കോമഡി ചിത്രങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ സിദ്ദിഖ് മലയാളികളുടെ എക്കാലത്തെയും പ്രിയ സംവിധായകരില്‍ ഒരാളാണ്. തമിഴിന് പുറമെ ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും അദ്ദേഹം ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സ്വന്തം ചിത്രമായ ബോഡി ഗാര്‍ഡിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്നു അത്.

ALSO READ : മോശം അഭിപ്രായങ്ങളില്‍ വീണോ? ചിരഞ്ജീവിയുടെ ഭോലാ ശങ്കറിന്‍റെ റിലീസ്‍ദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം