സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തില്‍.
സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളുടെ കാരണം. 'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ സൂര്യ സിരുത്തൈ ശിവയുടെ ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുറത്തുവന്ന പുതിയ വാര്‍ത്ത.
ചിത്രത്തിന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞുവെന്നും ചെന്നൈയില്‍ ചിത്രീകരണം നടക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 'സൂര്യ 42'ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി അടുത്തിടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.
ദിഷാ പതാനി നായികയാകുന്ന 'സൂര്യ 42'ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദൻ കര്‍ക്കിയാണ്. വിവേകയും മദൻ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.
Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ
