മലയാളത്തിലെ ഏറ്റവും ആരാധകരുള്ള താരസഹോദരൻമാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും അച്ഛൻ സുകുമാരനും ഒരുകാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മൂന്ന് തലമുറയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മക്കള്‍ക്കൊപ്പമാണ് താരങ്ങള്‍ ഉള്ളത്. സുപ്രിയ മേനോനാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പൃഥ്വിരാജും മകള്‍ അല്ലിയും ഇന്ദ്രജിത്തും മകള്‍ നച്ചുവുമാണ് ഫോട്ടോയിലുള്ളത്. സുകുമാരന്റെ ഫോട്ടോ നോക്കുകയാണ് അവര്‍. ഒട്ടേറെ ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. മൂന്ന് തലമുറകള്‍ എന്നാണ് സുപ്രിയ മേനോൻ ക്യാപ്ഷ്ൻ എഴുതിയിരിക്കുന്നത്. സുപ്രിയ മേനോൻ എപ്പോഴും കുടുംബവിശേഷങ്ങള്‍ പങ്കുവെയ്‍ക്കാറുണ്ട്. സുകുമാരന്റെ ഓര്‍മ്മ ദിനത്തില്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ 'പ്രസിദ്ധമായ' ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കുമെന്നുമാണ് സുപ്രിയ മേനോൻ പറഞ്ഞിരുന്നത്.