റീ റിലീസ് തരംഗത്തില്‍ എത്തുന്ന അടുത്ത ചിത്രം

പഴയ കള്‍ട്ട് സിനിമകളുടെ റീ റിലീസ് തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ്. രജനികാന്തിന്‍റെ ബാഷയും മോഹന്‍ലാലിന്‍റെ സ്ഫടികവുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ അത്തരത്തില്‍ പുറത്തെത്തിയത് കമല്‍ ഹാസനെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ ഒരുക്കിയ വേട്ടയാട് വിളയാട് ആണ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ഗൌതം വസുദേവ് മേനോന്‍റെ മറ്റൊരു ചിത്രവും തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. എന്നാല്‍ അത് തമിഴ് പതിപ്പ് അല്ലെന്ന് മാത്രം.

സൂര്യയെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്ത് 2008 ല്‍ എത്തിയ വാരണം ആയിരത്തിന്‍റെ തെലുങ്ക് പതിപ്പാണ് വന്‍ റിലീസിനായി ഒരുങ്ങിയിട്ടുള്ളത്. സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഇന്ത്യയ്ക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. യുഎസില്‍ ജൂലൈ 19 നും ഇന്ത്യയില്‍ 21 നുമാണ് ചിത്രത്തിന്‍റെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

സൂര്യയുടെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വാരണം ആയിരം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛന്‍ കൃഷ്ണന്‍, മകന്‍ സൂര്യ എന്നിങ്ങനെ ഡബിള്‍ റോളിലാണ് സൂര്യ എത്തിയത്. സമീര റെഡ്ഡിയും ദിവ്യ സ്പന്ദനയും നായികമാരായ ചിത്രത്തില്‍ സിമ്രാന്‍, ദീപ നരേന്ദ്രന്‍, ബബ്ലൂ പൃഥ്വിവീരാജ്, അവിഷേക് കാപര്‍ത്തിക്, അജയ് തുടങ്ങിയവരും അഭിനയിച്ചു. ഗൌതം മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ഇപ്പോഴും പ്രേക്ഷകര്‍ മൂളുന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. ആര്‍ രത്നവേലു ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

ALSO READ : 'വൃഷഭ ലോകത്തെ വിസ്‍മയിപ്പിക്കും'; മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രത്തെക്കുറിച്ച് കരണ്‍ ജോഹര്‍

'സൂര്യ സണ്‍ ഓഫ് കൃഷ്‍ണന്‍' ട്രെയ്‍ലര്‍ കാണാം