സുശാന്ത് സിംഗ് രാജ്പുതിന് തന്‍റെ ചിത്രങ്ങളില്‍ അവസരം നല്‍കാതിരുന്നതിന് കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. സുശാന്ത് സിംഗിന് ബോളിവുഡില്‍ അവസരങ്ങള്‍ നിഷേധിച്ചുവെന്നും അത് താരത്തെ വിഷാദത്തിലേക്ക് നയിച്ചുവെന്നും പരക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സമയത്ത് ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് വിശദമാക്കിയാണ് അനുരാഗ് കശ്യപ് സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മാനേജറുമായുള്ള ചാറ്റിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. 

സുശാന്ത് സിംഗ് രാജ്പൂത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റിന്‍റെ ചിത്രങ്ങളാണ് അനുരാഗ് കശ്യപ് പുറത്ത് വിട്ടിരിക്കുന്നത്. സുശാന്തിനൊപ്പെം ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യക്കുറവുണ്ടായിരുന്നു. അതിന് അതിന്‍റേതായ കാരണങ്ങളുണ്ടെന്നും അനുരാഗ് കശ്യപ് ട്വീറ്റില്‍ വിശദമാക്കുന്നു. സുശാന്ത് സിംഗ് പ്രശ്നക്കാരനാണെന്ന കാര്യം ചാറ്റില്‍ അനുരാഗ് കശ്യപ് വിശദമാക്കുന്നുണ്ട്. 

മെയ് 22നാണ് സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മാനേജറുമായി ഇക്കാര്യം ചാറ്റ് ചെയ്തതെന്ന് അനുരാഗ് കശ്യപ് വിശദമാക്കുന്നത്. സുശാന്തിന്‍റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ വീണ്ടും മാനേജറുമായി അനുരാഗ് കശ്യപ് സംസാരിച്ചതിന്‍റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.