Asianet News MalayalamAsianet News Malayalam

മരിക്കുന്നതിന് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞുവെന്ന് മുംബൈ പൊലീസ്

എങ്ങനെ വേദനയില്ലാതെ മരിക്കാമെന്നതും സുശാന്ത് ഗൂഗിളില്‍ തിരഞ്ഞിരുന്നു...
 

Sushant Singh Rajput Had Googled His Name Hours Before Death says Mumbai police
Author
Mumbai, First Published Aug 3, 2020, 6:14 PM IST

മുംബൈ: മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുശാന്ത് തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്ന് മുംബൈ പൊലീസ്. മരിക്കുന്നതിന് മാസങ്ങക്ക് മുമ്പ് ബൈപോളാര്‍ എന്ന അസുഖത്തിനായി ചികിത്സ തേടിയിരുന്നുവെന്നും സുശാന്തിന്റെ മരണത്തില്‍ തുടരുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മുംബൈ പൊലീസ് വ്യക്തമാക്കി. 

സുശാന്തിന്റെ, ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത മാനേജര്‍ ദിഷ സലിയാന്റെ പേരും എങ്ങനെ വേദനയില്ലാതെ മരിക്കാമെന്നതും സുശാന്ത് ഗൂഗിളില്‍ തിരഞ്ഞിരുന്നു. സുശാന്തിന്റെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്പ് എന്നിവയില്‍നിന്നുകണ്ടെത്തിയതാണ് ഈ വിവരങ്ങള്‍ എന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് വ്യക്തമാക്കി. 

അതേസമയം ജൂണ് 13 ന് സുശാന്തിന്റെ വീട്ടില്‍ പാര്‍ട്ടി നടന്നതായി തെളിവില്ലെന്നും പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതാണെന്നും പരം ബീര്‍ സിംഗ് പറഞ്ഞു. കേസന്വേഷിക്കാനെത്തിയ പട്‌ന എസ്പിയെ ക്വാറന്റീന്‍ ചെയ്ത സംഭവത്തില്‍ മുംബൈ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും മുംബൈ കോര്‍പറേഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പി ബിനയ് തിവാരിയെ മുംബൈ കോര്‍പ്പറേഷന്‍ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്തിരുന്നു. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്റീന്‍ ചെയ്യുകയായിരുന്നെന്ന് ബിഹാര്‍ ഡിജിപി ട്വീറ്റ് ചെയ്തു. സുശാന്തിന്റെ കുടുംബം പാറ്റ്‌നയില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് മുംബൈയില്‍ എത്തിയത് മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയില്‍ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുന്‍പ് മുംബൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയ്യില്‍ ക്വാറന്റീന്‍ സീല്‍ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് മെസ്സില്‍ താമസം പോലും നല്‍കിയില്ലെന്ന വിമര്‍ശനവുമായി ബിഹാര്‍ ഡിജിപി രംഗത്തെത്തി. ക്വാറന്റീന്‍ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നല്‍കുന്നില്ലെന്ന പരാതി ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചതാണ്.

കേസുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും നല്‍കാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുന്ന സാഹചര്യത്തില്‍ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മീഷണര്‍, മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു. പുതിയ സംഭവവികാസങ്ങളോടുള്ള ബിഹാര്‍ സര്‍ക്കാരിന്റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

Follow Us:
Download App:
  • android
  • ios