മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ച് ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു .മൃതദേഹം അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ മുംബൈയിൽ സംസ്കരിച്ചു

അച്ഛനടക്കം ഏറ്റവും അടുത്ത ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു സംസ്കാര ചടങ്ങിനെത്തിയത്. പറ്റ്നയിലെ കുടുബ വീട്ടിൽ നിന്ന് പുറപ്പെടും മുൻപാണ് വാർത്താ ഏജൻസിയോട് സുശാന്തിന്‍റെ അമ്മാവൻ ചില ആരോപണങ്ങൾ ഉന്നയിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ല. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ല. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിയിട്ടില്ല. മരിക്കും മുൻപ് തലേന്ന് രാത്രി സുശാന്ത് ഫോൺ വിളിച്ചതായി കണ്ടെത്തിയ നടി റിയാ ചക്രബൊർത്തിയുടേയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി രേഖപ്പെടുത്തും.

അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്‍റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും. ബന്ധുക്കൾക്ക് വിട്ട് കൊടുക്കും മുൻപ് മൃതദേഹത്തിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Read More: വിട, സുശാന്ത്: കണ്ണീരോടെ സഹപ്രവർത്തകർ, അന്വേഷണം വിപുലീകരിക്കുമെന്ന് മന്ത്രി