മുംബൈ: യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വീട്ടില് മരിച്ച നിലയില്‍ കണ്ടെത്തി നാല്‍പതാം ദിവസമാണ് ചിത്രം റിലീസാവുന്നത്. സുശാന്തിനോടുള്ള ആദരസൂചകമായി പ്രേക്ഷകര്‍ക്ക് സൌജന്യമായി കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

ഇന്ന് രാത്രി ഏഴരയ്ക്ക് ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപിയിലാണ് സംപ്രേക്ഷണം ചെയ്യുക. ചിത്രത്തില്‍ സുശാന്തിന്‍റെ നായികയായിരിക്കുന്നത് പുതുമുഖമായ സഞ്ജന സംഗിയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. ഹൃദയ സ്‌പർശിയായ ഒരു പ്രണയ കഥയാണ്  ദിൽ  ബേച്ചാരാ എന്നാണ് സൂചന.   ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഹിന്ദി സിനിമാ രംഗത്തെ സ്വജനപക്ഷപാതത്തേക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരാന്‍ സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മരണം കാരണമായിരുന്നു.