മുംബൈ: സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കുന്നതായി സുശാന്ത് സിങ് രജ്‌പുതിന്റെ സഹോദരി. സഹോദരന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെ മുക്തി നേടാനായിട്ടില്ലെന്നും പത്ത് ദിവസത്തേക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും ശ്വേത സിങ് പറഞ്ഞു. ആഴത്തിലുള്ള ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമാണ് ഈ സമയം നീക്കി വയക്കുന്നതെന്നും ശ്വേത ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു. 

“കരുത്തുള്ളവളായി നിൽക്കാൻ ശ്രമിച്ചാലും, എന്റെ സഹോദരൻ ഇനിയില്ലെന്ന ആഴത്തിലുള്ള വേദന എന്നിലുണ്ടാകുന്നു. ഇനിയൊരിക്കലും എനിക്ക് അവനെ തൊടാനോ അവന്റെ ചിരി കാണാനോ അവന്റെ തമാശകൾ കേൾക്കാനോ സാധിക്കില്ല...ഈ വേദനയിൽ നിന്ന് എപ്പോൾ മുക്തയാകുമെന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ നിന്ന് 10 ദിവസത്തെ അവധിയെടുക്കാനും ആഴത്തിലുള്ള ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാനും ഞാൻ തീരുമാനിച്ചു. ഈ വേദനയിൽ നിന്നു പുറത്തുകടക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിവാഹ ദിനത്തിൽ സുശാന്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്വേത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, സുശാന്തിന്റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലും അന്വേഷണം നടക്കുന്നുണ്ട്.