മുന്‍ പൊലീസ് ഐജി മീര ദേശ്‍മുഖ് ആണ് കഥാപാത്രം
ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയം നേടിയ ഒരു സിനിമാ ഫ്രാഞ്ചൈസി ദൃശ്യം പോലെ മറ്റൊന്നില്ല. എട്ട് വര്‍ഷത്തിനു ശേഷം മലയാളത്തില്‍ രണ്ടാംഭാഗം എത്തിയപ്പോഴും വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്‍ രാജ്യം മുഴുവനുമുള്ള ദൃശ്യം ആരാധകര്‍ക്ക് ഒരേസമയം ചിത്രം ആസ്വദിക്കാനുമായി. ദൃശ്യം 2 ന്‍റെ തെലുങ്ക്, കന്നഡ റീമേക്കുകള്‍ ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. അജയ് ദേവ്‍ഗണ്‍ നായകനാവുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നവംബര്‍ 18 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
തബു അവതരിപ്പിക്കുന്ന മുന്‍ പൊലീസ് ഐജി മീര ദേശ്‍മുഖിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിത്. മലയാളത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച കഥാപാത്രമാണിത്. ഗീത പ്രഭാകര്‍ എന്നായിരുന്നു മലയാളത്തില്‍ കഥാപാത്രത്തിന്‍റെ പേര്. അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.
അതേസമയം റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ക്ക് ഡിസ്കൌണ്ടും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ദിനം ചിത്രം പകുതി പൈസയ്ക്ക് കാണാനുള്ള ഓഫറാണ് അണിയറക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇത് ഒക്ടോബര്‍ 2 ന് ബുക്ക് ചെയ്യുന്നവര്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. ചില മള്‍ട്ടിപ്ലെക്സ് ചെയിനുകളുമായി കൈകോര്‍ത്തുകൊണ്ടാണ് ഓഫര്‍ നടപ്പാക്കുന്നത്. ദൃശ്യം ഹിന്ദി റീമേക്കിന്‍റെ ടൈംലൈന്‍ പ്രകാരം പ്രാധാന്യമുള്ള ദിവസമാണ് ഒക്ടോബര്‍ 2. മലയാളം പതിപ്പില്‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയത് ഓഗസ്റ്റ് 2 നും 3 നും ആണെങ്കില്‍ ഹിന്ദി പതിപ്പില്‍ അത് ഒക്ടോബര്‍ 2, 3 തീയതികള്‍ ആയിരുന്നു.
