1980 ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ 'നിഴല്‍ഗള്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്...
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വടപളനി സ്വദേശിയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്തത്.
സുഹൃത്ത് റോബര്‍ട്ടിനൊപ്പം പലൈവാന സോലൈ, ചിന്നപ്പൂവെ മെല്ലെ പേസ്, മനസ്സുക്കുള്‍ മത്താപ്പ്, ദൂരം അതികമില്ലൈ, കല്യാണ കാലം, പറവൈകള്‍ പലവിധം തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഇരട്ടസംവിധായകര്‍ റോബര്ട്ട്-രാജശേഖര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
1980 ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ നിഴല്‍ഗള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. രാജശേഖറിനായി ചിത്രത്തില്‍ ഇളയരാജ സംഗീതം നിര്‍വ്വഹിച്ച ഇത് ഒരു പൊന്‍മാലൈ പൊഴുതു എന്ന ഗാനം വളരെ ശ്രദ്ധേയമാണ്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
