ചിത്രീകരണത്തിനിടെ വിജയ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി ജയറാം.

ജയറാം നായക വേഷത്തില്‍ എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം ഓസ്‍ലര്‍ സിനിമയില്‍ വേഷമിട്ടത്. അതിഥി വേഷത്തില്‍ മമ്മൂട്ടിയെത്തിയതും ജയറാം ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഓസ്‍ലറില്‍ മമ്മൂട്ടിയുണ്ടെന്ന് കേട്ടപ്പോള്‍ വിജയ് പറഞ്ഞ വാക്കുകള്‍ ജയറാം വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്.

മദ്രാസില്‍ വിജയ്‍യുടെയൊപ്പമുള്ള ചിത്രീകരണം നടക്കുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നു ജയറാം വെളിപ്പെടുത്തിയത്. ഓസ്‍ലര്‍ ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്തേയ്‍ക്ക് എത്തിയ വിജയ് മമ്മൂട്ടി സര്‍ ഇതിലുണ്ടോ എന്ന് ചോദിച്ചു. സിനിമ പെട്ടെന്ന് കാണണമെന്നും പറഞ്ഞു. അദ്ദേഹം എന്താണ് ചെയ്‍തിരിക്കുന്നത് എന്ന് തനിക്ക് കാണാൻ വേണ്ടിയിട്ടാണ്. തീര്‍ത്തും വ്യത്യസ്‍തമായിട്ടാണ് മമ്മൂട്ടി ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. എന്തായാലും മമ്മൂട്ടി ആ കഥാപാത്രം സിനിമിയില്‍ ചെയ്‍തത് കാണണം എന്ന് എന്നോട് വിജയ് ആവശ്യപ്പെട്ടു. പടം കാണാൻ വേണ്ടി താൻ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നും ജയറാം വ്യക്തമാക്കി.

മികച്ച ഇൻട്രോയായിരുന്നു ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടിക്ക് ലഭിച്ചത്. അലക്സാണ്ടര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. ഓസ്‍ലറില്‍ നിര്‍ണായകമായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം.
ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്.

ഓസ്‍ലറിന്റെ പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയിരുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിലീസിന് ഓസ്‍ലര്‍ ആകെ രണ്ട് കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ടാകും എന്നാണ് ഓര്‍മാക്സ് മീഡിയ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട്. ജയറാമിനറെ വേറിട്ട വേഷമാണ് ഓസ്‍ലര്‍ സിനിമയുടെ പ്രത്യേകത. ജയറാം നായകനായവയില്‍ റിലീസ് കളക്ഷനില്‍ എന്തായാലും ഓസ്‍ലര്‍ ഒന്നാമത് എത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക