ചെന്നൈ: ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് താരങ്ങൾ. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ചെന്നൈയിൽ ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് താരങ്ങളുടെ പത്രക്കുറിപ്പ്.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ലക്സുകൾ ചെന്നൈയില്‍ നിന്ന് മാറ്റി. അനധികൃത ബാനറുകള്‍ മാറ്റാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കാണ് ചുമതല. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്‍റ് ചെയ്ത് നല്‍കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തയിട്ടുണ്ട്. അനധികൃത ബാനറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട്.

ശുഭശ്രീയുടെ മരണത്തിന് കാരണമായ ഫ്ലക്സ് സ്ഥാപ്പിച്ച അണ്ണാ ഡിഎംകെ നേതാവ് എസ് ജയഗോപാലിനെ നെഞ്ച് വൈദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയഗോപാല്‍ അറസ്റ്റിലായേക്കുമെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെ നേതാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്രാസ്ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തിരിന്നു. മരണത്തിന് കാരണക്കാരായവരെ രക്ഷിക്കാന്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു.

Read Also:ചെന്നൈയില്‍ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് അപകടം; സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ടെക്കി മരിച്ചു

Read More:'ഉത്തരവിറക്കി മടുത്തു'; ഫ്ലക്സ് വീണ് ടെക്കി മരിച്ച സംഭവത്തില്‍ പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി