ദില്ലിയില്‍ ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‍ത കാര്യം നടി  തപ്‍സി ഫോട്ടോ ഷെയര്‍ ചെയ്‍ത് ആരാധകരെ അറിയിക്കുകയും ചെയ്‍തു. എന്നാല്‍ തപ്‍സി ദില്ലിയില്‍ വോട്ട് ചെയ്‍തതിനെ വിമര്‍ശിച്ച് ഒരാള്‍ രംഗത്ത് എത്തി. വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി തപ്‍സിയും രംഗത്ത് എത്തി. ദില്ലിക്കാരിയായ താൻ വോട്ട് ചെയ്‍തതിനെ എന്തിന് ചോദ്യം ചെയ്യുന്നുവെന്നായിരുന്നു തപ്‍സിയുടെ മറുപടി.

ഞങ്ങളുടെ കുടുംബം വോട്ട് ചെയ്‍തു, നിങ്ങളോ എന്ന അടിക്കുറിപ്പോടെയായിരുന്നു തപ്‍സി ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്നാല്‍ മുംബൈയില്‍ താമസിക്കുന്ന ആള്‍ എന്തിന് തങ്ങളുടെ കാര്യം നിര്‍ണ്ണയിക്കണം, കുറെക്കാലമായി മുംബൈയിലേക്ക് മാറിയതാണ് തപ്‍സിയെന്നും ഒരാള്‍ വിമര്‍ശിച്ചു. മുംബൈയിലെക്കാളും താൻ താമസിക്കുന്നത് ദില്ലിയില്‍ തന്നെയായിരുന്നുവെന്നായിരുന്നു തപ്‍സിയുടെ മറുപടി. സ്വന്തം വോട്ട് കൂടി മാറ്റണം എന്നും വിമര്‍ശിച്ചയാള്‍ പറഞ്ഞിരുന്നു. താൻ നികുതി അടക്കുന്നത് ദില്ലിയിലാണെന്നും ദില്ലിയില്‍ താമസിക്കുന്ന മറ്റ് പലരേക്കാളും താൻ ദില്ലിക്കാരിയാണെന്നും തപ്‍സി പറഞ്ഞു. തന്റെ പൌരത്വത്തെ ചോദ്യം ചെയ്യരുത്, താങ്കളുടെ കാര്യം ഓര്‍ത്ത് ആശങ്കപ്പെടൂവെന്നും തപ്‍സി പറഞ്ഞു. ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയാൻ നിങ്ങള്‍ ആളല്ല. ഞാൻ എത്രത്തോളം ദില്ലിക്കാരിയാണെന്ന് വ്യക്തമാകാൻ എന്റെ പ്രതികരണം മതിയാകും എന്ന് കരുതുന്നു- തപ്‍സി പറയുന്നു.