ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു.


നിരവധി സ്‍പോര്‍ട്‍സ് ജീവചരിത്ര സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സൈന നെഹ്‍വാളിന്റെയടക്കം ജീവിതം പറയുന്ന സിനിമകള്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മറ്റൊരു താരത്തിന്റെയും ജീവിതകഥ പ്രമേയമായി ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയാകുന്നത്. തപ്‍സിയാണ് മിതാലി രാജ് ആയി അഭിനയിക്കുക.

സൂര്‍മ എന്ന ചിത്രത്തില്‍ തപ്‍സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്‍സി എത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരവുമാണ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ടീം ഇന്ത്യയെ നയിച്ച ഒരേയൊരു താരവുമാണ് മിതാലി. 200 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത ഏക വനിതാ താരവുമാണ് മിതാലി. എന്തായാലും വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ജീവിതം സിനിമയാകുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയിലായിരിക്കും. അതേസമയം അശ്വിൻ ശരവണൻ സംവിധാനം ചെയ്‍ത ഗെയിം ഓവറാണ് തപ്‍സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.