Asianet News MalayalamAsianet News Malayalam

സാൻഡ് കി ആങ്ക് കണ്ട് അമ്മ പറഞ്ഞ വാക്കുകള്‍ പങ്കുവച്ച് തപ്‍സി

അവര്‍ സിനിമ കണ്ടു. അവര്‍ക്കൊപ്പം ഞാനും സിനിമ കണ്ടു- അമ്മയ്‍ക്കൊപ്പം സാൻഡ് കി ആങ്ക് എന്ന സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് തപ്‍സി.

Tapsis mom reacts to her performance in Sand Ki Aankh
Author
Mumbai, First Published Oct 18, 2019, 7:07 PM IST

തപ്‍സി നായികയാകുന്ന പുതിയ സിനിമയാണ് സാൻഡ് കി ആങ്ക്. വേറിട്ട ഒരു ഹിന്ദി ചിത്രമായിട്ടാണ് സിനിമയെ ആരാധകര്‍ കാണുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ തോമറായിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ അമ്മ ചിത്രം കണ്ട് നല്ല വാക്കു പറഞ്ഞതിന്റെ സന്തോഷത്തിലാണ് തപ്‍സി ഇപ്പോള്‍. ഇക്കാര്യം സാമൂഹ്യമാധ്യമത്തില്‍ തപ്‍സി പങ്കുവയ്‍ക്കുകയും ചെയ്‍തു.

അവര്‍ സിനിമ കണ്ടു. അവര്‍ക്കൊപ്പം ഞാനും സിനിമ കണ്ടു. നീ അഭിനയിക്കാൻ ഒക്കെ പഠിച്ചുവല്ലേ എന്ന് അമ്മ പറയുകയും ചെയ്‍തു. വളരെ കുറച്ച് മാത്രം വാക്കുകള്‍ ഉപയോഗിക്കുന്നവരാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അമ്മയ്‍ക്കൊപ്പം പോയി സിനിമ കാണാം- തപ്‍സി പറയുന്നു. ഷാര്‍പ് ഷൂട്ടറായ പ്രകാശി എന്ന മറ്റൊരു പ്രധാന കഥാപാത്രമായിട്ട് ഭൂമി പെഡ്‌നേകര്‍ ആണ് അഭിനയിക്കുന്നത്. രണ്ട് നായികമാര്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കണമെന്ന ആഗ്രഹമുള്ളതു കൊണ്ടുകൂടിയാണ് സാൻഡ് കി ആങ്ക് സ്വീകരിച്ചതെന്ന് തപ്‍സി പറഞ്ഞിരുന്നു.

ഭൂമിയും ഞാനും തിരക്കഥയിലും ഞങ്ങളുടെ കഥാപാത്രങ്ങളിലും വിശ്വസിച്ചു, അതിനാല്‍ ഒരു അരക്ഷിതാവസ്‍ഥയും തോന്നിയില്ല- തപ്‍സി പറയുന്നു. സംവിധായകൻ എന്നോട് കഥ പറഞ്ഞപ്പോള്‍ ഞാൻ പല തവണ കരഞ്ഞുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ, ഞാൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു. കാരണം ചന്ദ്രോയും പ്രകാശിയും വലിയ നായികമാരാണ്. രാജ്യം മൊത്തം അവരെ കാണുന്നു- തപ്‍സി പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ച് മറ്റൊരു വൈകാരിക കാര്യം കൂടിയുണ്ടായിരുന്നു സിനിമ ചെയ്യാൻ. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ അമ്മയെ കുറിച്ചും ചിന്തിക്കാതിരിക്കാനായില്ല. വിവാഹത്തിനു മുമ്പ് മാതാപിതാക്കളുടെയും വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് ജീവിക്കേണ്ടി വന്ന സ്‍ത്രീകള്‍ക്ക് വേണ്ടിയുള്ളതുമാണ് ഞങ്ങളുടെ സിനിമ. കുട്ടികള്‍ ആയതിനു ശേഷം അവര്‍ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുന്നു, ഒരിക്കലും അവര്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നില്ല. എന്റെ അമ്മയ്‍ക്ക് അറുപത് വയസ്സായി. ഇപ്പോഴെങ്കിലും എനിക്ക് അവരോട് പറയാൻ ഒരു കാരണം വേണം, അവര്‍ ആഗ്രഹിക്കുന്ന ജീവിതം നയിക്കൂവെന്ന് പറയാൻ. എന്റെ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിക്കുന്നത്. എന്റെ കുട്ടികളെ അഭിമാനപൂര്‍വം ഞാൻ സിനിമ കാണിക്കും- തപ്‍സി പറഞ്ഞിരുന്നു. നായിക കേന്ദ്രീകൃതമായ ഒരു സിനിമ ദീപാവലിക്ക് റിലീസ് ചെയ്യുന്നത് ആദ്യമായാണ് എന്ന് കരുതുന്നു. ദീപാവലിക്ക് ലക്ഷ്‍മി ദേവിയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം  ദീപാവലിക്ക് കാണാവുന്ന ഒരു സിനിമയായിരിക്കും ഞങ്ങളുടേത്- തപ്‍സി പറഞ്ഞിരുന്നു.

സാൻഡ് കി ആങ്കില്‍ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം നേരത്തെ തന്നെ തപ്‍സിയും ഭൂമിയും പങ്കുവച്ചിരുന്നു. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്‍ത്രീകളെയാണ് ട്രെയിലറില്‍ കാണിച്ചിരുന്നത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം  ഒരുക്കിയിരിക്കുന്നത്. പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിന്റെ കൌതുകവും നേരത്ത തപ്‍സി പറഞ്ഞിരുന്നു.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറഞ്ഞിരുന്നു.

രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios