ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത്
ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മഹേഷിന്‍റെ പ്രതികാരത്തിലെ സ്റ്റുഡിയോയുടെ പേരാണ് സ്വന്തം ബാനറിന് ഇവര്‍ നല്‍കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, ഇന്ന് തിയറ്ററുകളിലെത്തിയ പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്‍റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. തങ്കം എന്ന പേരില്‍ ഇവരുടെ അടുത്ത ഒരു ചിത്രവും വരുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം ഇന്നലെ പൂര്‍ത്തിയായി.
ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അറാഫത്ത് ആണ്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ജോജിക്കു ശേഷം ശ്യാമിന്‍റെ തിരക്കഥയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിനൊപ്പം വര്‍ക്കിംഗ് ക്ലാസ് ഹീറോസ് കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് അന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിനും ജോജുവിനും പകരം ബിജു മേനോനും വിനീത് ശ്രീനിവാസനും പിന്നീട് എത്തുകയായിരുന്നു. എന്നാല്‍ ഫഹദിനെ തീരുമാനിക്കുന്നതിനു മുന്‍പ് തുടക്കത്തില്‍ വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ആലോചിക്കപ്പെട്ട ചിത്രവുമായിരുന്നു ഇത്. പിന്നീട് വിനീത് ഹൃദയത്തിന്‍റെ തിരക്കുകളിലേക്ക് പോയപ്പോള്‍ താരനിരയെ മാറ്റിനിശ്ചയിക്കുകയായിരുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഗൗതം ശങ്കര്‍ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്.
