NDA candidate Akhil Marar shares a note about his struggles. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തൻ്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു. 

ബിഗ് ബോസ് വിജയ്‍യും സംവിധായകനുമായ അഖിൽ മാരാർ തൃക്കാക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയായി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ്സ് അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള അഖിൽ മാരാർ അടുത്തിടെയാണ് ട്വന്റി- 20 യിൽ ചേരുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോട് കൂടി അഭിപ്രായ പ്രകടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും സജീവമാണ് അഖിൽ മാരാർ. ഇപ്പോഴിതാ സംവിധായകനാവും മുൻപ് താൻ ജീവിച്ചത് ഒരു ഷെഡിൽ ആയിരുന്നെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ. ഒരു കാലത്ത് ഈ കാണുന്ന ഷെഡ് അഖിലിന്റെ കൊട്ടാരമായിരുന്നെന്നും, ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങിയതെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്.. ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്.. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്. എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ.

അവർക്ക് വേണ്ടി മാത്രം, ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു... അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം. കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്. ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്. മരണത്തെ തോൽപ്പിച്ചു ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയപെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം.

ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്. എന്നെ നയിക്കുന്നത് ആ ശക്തിയാണ്. ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നിലനിൽക്കാനുള്ള കഷ്ടപാടും.