Asianet News MalayalamAsianet News Malayalam

ഇത് ചരിത്രം! തമിഴ് സിനിമയില്‍ ഇതാദ്യമായി; റിലീസിന് മുന്‍പേ റെക്കോര്‍ഡ് ഇട്ട് 'ഗോട്ട്'

തമിഴ്നാട്ടിലെ വിതരണക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്

The Greatest of All Time movie starring thalapathy vijay to be released in all theatres across tamil nadu on september 5
Author
First Published Aug 10, 2024, 7:49 PM IST | Last Updated Aug 10, 2024, 7:49 PM IST

വിജയ് ആരാധകരെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള സിനിമയാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷമെത്തുന്ന വിജയ് ചിത്രം, അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ലിയോയ്ക്ക് ശേഷം എത്തുന്ന ചിത്രം. രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ച കുറിപ്പില്‍ സിനിമയില്‍ ഇനി സജീവമാവില്ലെന്നുകൂടി അറിയിച്ചിരുന്നു. തങ്ങളുടെ പ്രിയ ദളപതിയെ ഗോട്ടിന് ശേഷം ഒരു ചിത്രത്തിലൂടെ കാണാനായെങ്കില്‍ ഭാഗ്യം എന്നാണ് ആരാധകര്‍ കരുതുന്നത്. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ ഓരോ ദിവസവും എത്തുന്നത് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുകയാണ്.

റിലീസിന് ഒരു മാസം ശേഷിക്കെത്തന്നെ യുകെയില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തമിഴ്നാട് റിലീസ് സംബന്ധിച്ച ഒരു പുത്തന്‍ അപ്ഡേഷന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായി തമിഴ്നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ വിതരണക്കാരായ റോമിയോ പിക്ചേഴ്സിന്‍റെ പ്രതിനിധിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

 

എത്ര പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രത്തിനും ലഭിക്കാത്ത അവസരമാണ് വിജയ്‍യുടെ ഗോട്ടിന് ലഭിക്കാന്‍ പോകുന്നത്. ആദ്യദിനം പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം തമിഴ്നാട് ഓപണിംഗില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിക്കാന്‍ ഇത് ഇട നല്‍കും. ഓരോ മേഖലയിലും പ്രമുഖ വിതരണക്കാരാണ് ചിത്രത്തിന്‍റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാടിനൊപ്പം കര്‍ണാടകത്തിലും ചിത്രം വിതരണം ചെയ്യുന്നത് റോമിയോ പിക്ചേഴ്സ് ആണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്സും കേരളത്തില്‍ ശ്രീ ഗോകുലം മൂവീസും ഉത്തരേന്ത്യയില്‍ സീ സ്റ്റുഡിയോസും വിദേശ മാര്‍ക്കറ്റുകളില്‍ ഫാര്‍സ് ഫിലിംസുമാണ് ഗോട്ടിന്‍റെ വിതരണം. 

ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios