Asianet News MalayalamAsianet News Malayalam

45 കോടി ബജറ്റ്, കളക്ഷൻ 70,000! ഒടിടിക്കും വേണ്ട, ഇന്ത്യയിലെ ഏറ്റവും വലിയ പരാജയ ചിത്രം യുട്യൂബില്‍

ഒടിടി ഡീല്‍ മുന്നില്‍ക്കണ്ട് പൂര്‍ത്തിയാക്കാതെ തിയറ്ററില്‍ ഇറങ്ങിയ സിനിമ

The Lady Killer 2023 movie now released on youtube officially arjun kapoor bhumi padnekar
Author
First Published Sep 3, 2024, 12:25 PM IST | Last Updated Sep 3, 2024, 12:25 PM IST

ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങളും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി എണ്ണപ്പെടുന്ന ഒരു ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 45 കോടി ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം കളക്റ്റ് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്! ഹിന്ദി സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ദി ലേഡി കില്ലര്‍ എന്ന ചിത്രമാണ് അത്. 

അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ബാല്‍ സംവിധാനം ചെയ്ത ചിത്രം ടി സിരീസ് ഫിലിംസ് അടക്കമുള്ള ബാനറുകളുടെ സംയുക്ത നിര്‍മ്മാണ സംരംഭമായിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ഈ ചിത്രം റിലീസ് ദിനത്തില്‍ വിറ്റത് വെറും 293 ടിക്കറ്റുകളായിരുന്നു. അതിനാല്‍ത്തന്നെ റിലീസ് സമയത്ത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ പരാജയകാരണം വെളിപ്പെടുത്തി സംവിധായകനും രംഗത്തെത്തിയിരുന്നു. ചിത്രം അപൂര്‍ണ്ണമാണെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ അത് ശരിയാണെന്നും എന്നാല്‍ അങ്ങനെ റിലീസ് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും ഒരു ഒടിടി ഡീല്‍ ആയിരുന്നു കാരണമെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ പേരാണ് അന്ന് പറയപ്പെട്ടത്. 

എന്നാല്‍ തിയറ്ററില്‍ ദുരന്തമായ ചിത്രം നെറ്റ്ഫ്ലിക്സില്‍ എന്നല്ല മറ്റൊരു ഒടിടി പ്ലാറ്റ്ഫോമുകളിലും ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ പത്ത് മാസത്തിനിപ്പുറം ഇപ്പോഴിതാ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കളായ ടി സിരീസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രം കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്കായി 4കെ പതിപ്പ് ആണ് നിര്‍മ്മാതാക്കള്‍ എത്തിച്ചിരിക്കുന്നത്. ചിത്രം വീണ്ടും വാര്‍ത്തകളില്‍ വരാനുള്ള കാരണവും ഇത് തന്നെ. 

ചിത്രത്തിന്‍റെ പരാജയത്തെക്കുറിച്ച് സംവിധായകന്‍ അജയ് ബാല്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു

"ചിത്രത്തിന്‍റെ തിരക്കഥ ആകെ 117 പേജുകള്‍ ഉണ്ടായിരുന്നു. അതില്‍ 30 പേജുകള്‍ ചിത്രീകരിച്ചതേയില്ല. കഥയില്‍ ഏറെ പ്രധാനപ്പെട്ട, പരസ്പരബന്ധം ഉണ്ടാക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധിച്ചില്ല. അര്‍ജുന്‍ കപൂറിന്‍റെയും ഭൂമി പട്നേക്കറിന്‍റെയും (ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍) മൊത്തം പ്രണയകഥ, ഭൂമിയുടെ മദ്യപാനാസക്തി, താന്‍ കുടുങ്ങിയതായും കാര്യങ്ങള്‍ കൈവിട്ടുപോയതായുമുള്ള അര്‍ജുന്‍റെ തോന്നല്‍ ഇവയൊന്നും തിയറ്ററിലെത്തിയ സിനിമയില്‍ ഇല്ല. സിനിമയ്ക്ക് തുടര്‍ച്ച തോന്നാത്തതിലും കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നാത്തതിലും അത്ഭുതമില്ല.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും അത് അഭിനേതാക്കള്‍ കാരണം ഉണ്ടായതല്ല. ഒപ്പം ജോലി ചെയ്യാന്‍ ആരും ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അര്‍ജുനും ഭൂമിയും. സിനിമയിലേക്ക് തങ്ങളുടെ മുഴുവന്‍ പ്രയത്നവും അവര്‍ നല്‍കിയിരുന്നു. മറിച്ച് എനിക്ക് വെല്ലുവിളി സൃഷ്ടിച്ചത് മറ്റ് ചില കാരണങ്ങളാണ്."

സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും ചിലവ് വന്നതാണ് നിര്‍മ്മാതാക്കള്‍ പടം ഉപേക്ഷിക്കാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 45 കോടി മുടക്കിയ സിനിമയുടെ മുടങ്ങിപ്പോയ ചിത്രീകരണം പുനരാരംഭിക്കാന്‍ 4- 5 കോടി വേണ്ടിയിരുന്നു. തുടര്‍ന്നാണ് ചിത്രീകരണം ഇനി തുടരേണ്ടതില്ലെന്ന് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് തീരുമാനം വന്നത്. നേരത്തെ ഒരു ഒടിടി പ്ലാറ്റ്ഫോമുമായി ചിത്രത്തിന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് കരാര്‍ ആയിരുന്നെന്നും അതുകൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

ALSO READ : 'ശാര്‍ദ്ദൂല വിക്രീഡിതം'; മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സിരീസ് കൂടി

Latest Videos
Follow Us:
Download App:
  • android
  • ios