Asianet News MalayalamAsianet News Malayalam

'മരിച്ചവര്‍ക്ക് സംസാരിക്കാനാവില്ലല്ലോ'; 'മാര്‍ക്ക് ആന്‍റണി'യിലെ സില്‍ക്ക് സ്‍മിതയുടെ റോളിനെച്ചൊല്ലി വിമര്‍ശനം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന സില്‍ക്ക് സ്മിതയെ അവരായിത്തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്

the portrayal of silk smitha in mark antony movie received criticism vishal sj suryah Adhik Ravichandran nsn
Author
First Published Sep 18, 2023, 6:00 PM IST

വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന് റിലീസ് ദിനത്തില്‍ തന്നെ വന്‍ മൌത്ത് പബ്ലിസിറ്റി നേടുന്ന ചില ചിത്രങ്ങളുണ്ട്. തമിഴില്‍ അതിന് പുതിയ ഉദാഹരണം വിശാല്‍ നായകനായെത്തിയ മാര്‍ക്ക് ആന്‍റണിയാണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്‍റെ പേരില്‍ കൈയടി നേടുന്ന മറ്റൊരാള്‍ എസ് ജെ സൂര്യയാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടി തിയറ്ററുകളില്‍ തുടരുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് കാര്യമായ വിമര്‍ശനവും ഉയരുന്നുണ്ട്. ചിത്രം രസിപ്പിച്ചുവെന്ന് അഭിപ്രായമുള്ളവര്‍ തന്നെയാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. നടി സില്‍ക്ക് സ്മിതയുടെ ചിത്രത്തിലെ അവതരണം നീതിപൂര്‍വ്വമായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന സില്‍ക്ക് സ്മിതയെ അവരായിത്തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ടൈം ലൈനിലും പാത്രാവിഷ്കാരത്തിലുമൊക്കെ പ്രശ്നങ്ങളുണ്ടെന്നാണ് വിമര്‍ശകരുടെ ആരോപണം. സിനിമയുടെ കഥ നടക്കുന്നത് 1975 ലാണ്. എന്നാല്‍ പുഷ്യരാഗം എന്ന മലയാള ചിത്രത്തിലൂടെ 1979 ലാണ് സില്‍ക്ക് സ്മിത സിനിമാ അരങ്ങേറ്റം നടത്തിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഒട്ടും ആഴമില്ലാത്ത രീതിയിലുള്ള ഒരു കഥാപാത്രാവിഷ്കാരമാണ് സംവിധായകന്‍ നടത്തിയിരിക്കുന്നതെന്നും. 

the portrayal of silk smitha in mark antony movie received criticism vishal sj suryah Adhik Ravichandran nsn

 

അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാതെ സ്മിതയെ കച്ചവടവല്‍ക്കരിക്കുകയാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള ഒരു വൈറല്‍ കുറിപ്പ് ഇങ്ങനെ- "ആരും ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷേ മാര്‍ക്ക് ആന്‍റണിയിലെ സില്‍ക്ക് സ്മിതയുടെ രംഗം ഏറെ അസ്വാസ്ഥ്യമുളവാക്കുന്ന ഒന്നായിരുന്നു. ചിത്രീകരിച്ചത് എന്താണോ അതില്‍ നിന്ന് പല സംഭാഷണങ്ങളും മാറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അപ്പോള്‍ പോലും അവ വളരെ തെറ്റായ രീതിയിലാണ്. ഒറിജിനല്‍ സംഭാഷണങ്ങള്‍ എത്തരത്തിലായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആളുകള്‍ തിയറ്ററില്‍ ഈ സീന്‍ ആഘോഷിക്കുന്നു എന്നതാണ് അതിലേറെ മോശം. മരിച്ചവര്‍ക്ക് അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല", കുറിപ്പ് അവസാനിക്കുന്നു.

ചിത്രത്തിലെ ലൈംഗികച്ചുവയുള്ള ചില സംഭാഷണങ്ങള്‍ മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സില്‍ക്ക് സ്മിതയോട് ചെറിയ രൂപസാദൃശ്യമുള്ള വിഷ്ണു പ്രിയ എന്ന നടിയാണ് ചിത്രത്തില്‍ സ്മിതയായി എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ ഈ കഥാപാത്രത്തിന് ആവശ്യത്തിന് സ്പേസ് കൊടുത്തില്ലെന്ന് പരിഭവിക്കുന്ന സില്‍ക്ക് ആരാധകരുമുണ്ട്. അതേസമയം ചിത്രം തിയറ്ററുകളില്‍ വലിയ പ്രദര്‍ശനവിജയമാണ് നേടുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ALSO READ : വന്നു, കണ്ടു, കീഴടക്കി; മലയാള സിനിമയിലെ എക്കാലത്തെയും വലിയ 10 പണംവാരി പടങ്ങള്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios