ബാബു ആന്റണി ആദ്യമായി സംവിധാനം ചെയ്‍ത മ്യൂസിക് വീഡിയോ (Babu Antony).
മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗായിരുന്നു ഒരു കാലത്ത് ബാബു ആന്റണി. മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ബാബു ആന്റണി സാമൂഹ്യ മാധ്യമങ്ങളില്‍ താൻ പാടിയ ഗാനങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ബാബു ആന്റണിയുടെ ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി സംവിധാനം ചെയ്‍ത മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Babu Antony).
ബാബു ആന്റണിയുടേത് തന്നെയാണ് ആശയവും. ബാബു ആന്റണി തന്നെ പാടുകയും ചെയ്‍തിരിക്കുന്നു. ദ റെഡെംപ്ഷൻ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. ഗോപകുമാറും നവീൻ രാജുമാണ് ഛായാഗ്രാഹണം. ഫാദര്‍ ലിനോ പുത്തൻവീട്ടിലാണ് ഗാന രചനയും സംഗീത സംവിധാനവും. മികച്ച പ്രതികരണമാണ് ബാബു ആന്റണിയുടെ മ്യൂസിക് വീഡിയോയ്‍ക്ക് കിട്ടുന്നത്.
പവര്‍ സ്റ്റാര്‍ എന്ന സിനിമയിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിക്കുന്നത്. ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തിലാണ് അടുത്തിടെ സ്വിച്ചോണ്‍ നടന്നത്. തുടർന്ന് ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവർത്തകരെയും ഒമർ ലുലു പരിചയപ്പെടുത്തി.
പ്രഖ്യാപന സമയം മുതല്‍ ബാബു ആന്‍റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.
ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവർസ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്‍ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്‍ക്രിപ്റ്റ് അസ്സിസ്റ്റന്റ്‍സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്‍സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഒ പ്രതീഷ് ശേഖർ.
