Asianet News MalayalamAsianet News Malayalam

"2018 നു വേണ്ടി 'ജാനകി ജാനേ'യുടെ ഷോ ടൈം തിയറ്ററുകാര്‍ മാറ്റുന്നു'; തുറന്ന കത്തുമായി സംവിധായകന്‍ അനീഷ് ഉപാസന

"പല വാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്"

theatres are changing show times of Janaki Jaane for 2018 movie alleges director Aniesh Upaasana nsn
Author
First Published May 17, 2023, 11:37 PM IST

വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയ്ക്കുവേണ്ടി തന്‍റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന. മെയ് 12 ന് റിലീസ് ചെയ്യപ്പെട്ട ജാനകി ജാനേയാണ് അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ എത്തിയ സിനിമ. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്നും സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2018 സിനിമയുടെ സംവിധായകനെയും നിര്‍മ്മാതാക്കളെയും തിയറ്റര്‍ ഉടമകളെയും സംബോധന ചെയ്തുകൊണ്ടാണ് അനീഷ് ഉപാസനയുടെ കത്ത്. 

അനീഷ് ഉപാസനയുടെ തുറന്ന കത്ത്

അന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്. ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (working days) ചെയ്യുന്ന തിയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല.. തിയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനംപ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും. പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം. ദയവ് ചെയ്ത് സഹകരിക്കണം. 2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്. ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്. പല വാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്.

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്. 2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ..! മലയാളികളുടെ സിനിമ..! ആരും 2018 ഓളം എത്തില്ലായിരിക്കും.. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ... 
അനീഷ് ഉപാസന

ALSO READ : 'റോബിന്‍ അവിടിരിക്കൂ'; തര്‍ക്കം പരിഹരിക്കാനെത്തിയ 'അതിഥി'യോട് അഖില്‍ മാരാര്‍

Follow Us:
Download App:
  • android
  • ios