കുറുപ്പ് നിര്‍മ്മാതാക്കള്‍ റിലീസിന് നിബന്ധനകളൊന്നും മുന്നോട്ടു വച്ചില്ലെന്ന് കെ വിജയകുമാര്‍

അഞ്ചല്ല അന്‍പത് സിനിമകള്‍ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് (ഒടിടി/ OTT) പോയാലും സിനിമാ തീയറ്ററുകള്‍ നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ (FEUOK) പ്രസിഡന്‍റ് കെ വിജയകുമാര്‍ (K Vijayakumar). സിനിമയോ സിനിമാ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ (Marakkar) ഉള്‍പ്പെടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദിന്‍റെ അഞ്ച് സിനിമകള്‍ ഒടിടി റിലീസുകള്‍ ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിന്‍റെ അഭിപ്രായ പ്രകടനം. ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനാവുന്ന കുറുപ്പിന്‍റെ തിയറ്റര്‍ റിലീസിനോടനുബന്ധിച്ച് (Kurup Release) അതിന്‍റെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഈ അഭിപ്രായ പ്രകടനം.

സമീപകാലത്ത് കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിനുവേണ്ടിയല്ലെന്നും മറിച്ച് കുറുപ്പിനുവേണ്ടി ആയിരുന്നെന്നും വിജയകുമാര്‍ പറഞ്ഞു. "കുറുപ്പിനെ തിയറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടുവച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ 450 സ്ക്രീനുകളില്‍ മിനിമം രണ്ടാഴ്ചയെങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്‍റെ തീരുമാനം. ഇതും അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഞങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും", യുവതാരങ്ങൾ കോർപറേറ്റുകൾക്കൊപ്പം നില്‍ക്കരുതെന്ന് തന്‍റെ ഒരു അഭ്യര്‍ഥനയാണെന്നും മലയാള സിനിമകളുടെ ഒടിടി റിലീസുകളെ സൂചിപ്പിച്ച് വിജയകുമാര്‍ പറഞ്ഞു.

'കുറുപ്പ്' കണ്ടിട്ട് മമ്മൂട്ടി പറഞ്ഞ റിവ്യൂ? ദുല്‍ഖറിന്‍റെ മറുപടി

കുറുപ്പിന് ഒടിടി പ്ലാറ്റ്‍ഫോമില്‍ നിന്ന് ബിസിനസ് വന്നിരുന്നുവെന്ന് സഹനിര്‍മ്മാതാവ് വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. ചിത്രം തിയറ്റര്‍ റിലീസ് ആയതില്‍ മമ്മൂട്ടിയുടെ സ്വാധീനം ഉണ്ടോയെന്ന ചോദ്യത്തിന് ഇത് തിയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്നാണ് അദ്ദേഹം തങ്ങളോട് പറഞ്ഞതെന്ന് സഹനിര്‍മ്മാതാവിന്‍റെ മറുപടി. ചിത്രത്തില്‍ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവും ഫിക്ഷനും ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നും ദുല്‍ഖര്‍ പറഞ്ഞു- "കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും പ്രധാന തീരുമാനം. ആ ഒരു കാര്യത്തിലാണ് ഞങ്ങള്‍ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്‍റര്‍ടെയ്‍നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്", ദുല്‍ഖര്‍ പറഞ്ഞു.