പൃഥ്വിരാജ് നായകനായി 2022 ല്‍ പുറത്തിറങ്ങിയ ചിത്രം

കേരളത്തില്‍ തിയറ്ററുകളിലും പിന്നീട് ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ പ്രീതി നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി 2022 ല്‍ പുറത്തെത്തിയ ജന ഗണ മന. ചിത്രത്തിലൂടെത്തന്നെ ഒരു രണ്ടാം ഭാഗത്തിന്‍റെ സൂചന പ്രേക്ഷകര്‍ വായിച്ചെടുത്തിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അണിയറക്കാരും ഇത് ശരിവച്ചു. ഇപ്പോഴിതാ അത്തരം ഒരു രണ്ടാം ഭാഗം ഇല്ലെന്ന് പറയുകയാണ് ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്. താന്‍ നായകനും നിര്‍മ്മാതാവുമാകുന്ന പുതിയ ചിത്രം ഇഡിയുടെ പ്രൊമോഷന്‍റെ ഭാഗമായി സില്ലിമോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറയുന്നത്.

"ജന ഗണ മന (രണ്ടാം ഭാഗം) വെറുതെ ലിസ്റ്റിന്‍ കയറി തള്ളിയതാണ്. അങ്ങനെ രണ്ടാം ഭാഗമൊന്നും അവര്‍ ആലോചിച്ചിട്ടേയില്ല. ജന ഗണ മന സിനിമയുടെ പല ഭാഗങ്ങളും ട്രെയ്‍ലറായിട്ടോ ടീസര്‍ ആയിട്ടോ ഒന്നും പുറത്തുവിടാന്‍ പറ്റുമായിരുന്നില്ല. പുള്ളിയുടെ (പൃഥ്വിരാജ്) ലുക്ക് പുറത്തുവിടാന്‍ പറ്റില്ല. എന്‍റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരു പക്ഷേ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ നിര്‍മ്മിക്കാന്‍ അദ്ദേഹവും (ലിസ്റ്റിന്‍ സ്റ്റീഫന്‍) തയ്യാറാണ്. അഭിനയിക്കാന്‍ ഞാനും റെഡിയാണ്", സുരാജ് പറഞ്ഞവസാനിപ്പിക്കുന്നു.

ജന ഗണ മന 2 നെക്കുറിച്ച് മലയാളി ഫ്രം ഇന്ത്യ എന്ന തന്‍റെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ സമയത്ത് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി പറഞ്ഞിരുന്നു. ജന ഗണ മനയുടെ വിജയം തങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ രണ്ടാം ഭാഗം സൂക്ഷിച്ച് പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ : 'റോട്ടര്‍ഡാമില്‍ പുരസ്‍കാരം കിട്ടിയത് അയല്‍ക്കാര്‍ പോലും അറിഞ്ഞില്ല'; 'കിസ് വാഗണ്‍' സംവിധായകനുമായി അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം