കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ നടി അഞ്ജലി അമീർ. തന്നോടൊപ്പം താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തൽ. തനിക്കെന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി അമീർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

കോഴിക്കോട് കൊടുവള്ളി സ്വദേശി വി സി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും അനസ് ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാല് ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയതായും അഞ്ജലി അമീര്‍ പറഞ്ഞു.