തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി

മമ്മൂട്ടിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആതിഥ്യം സ്വീകരിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം ജോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

"ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി. കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി. മഹാനടന് നന്ദി", ജോ ജോസഫ് കുറിച്ചു.

തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് രാവിലെയാണ് പ്രഖ്യാപനം നടത്തിയത്, ഇടത്, വലത് മുന്നണികൾ മണ്ഡലത്തില്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും.

എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാനാവില്ല: മമ്മൂട്ടി

സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി (Mammootty). എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറയുന്നു. വരാനിരിക്കുന്ന ചിത്രം പുഴുവില്‍ (Puzhu) നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിനാണ് നടന്‍ എന്ന നിലയിലുള്ള തന്‍റെ ആഗ്രഹങ്ങളെക്കുറിച്ച് പറയുന്നത്.

നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്‍റെ പ്രതിച്ഛായ. നായകന്‍, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടന്‍ എന്നും നടന്‍ തന്നെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടന്‍ ആകണമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം, മമ്മൂട്ടി പറഞ്ഞു. ഒരു വനിതാ സംവിധായയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിച്ച ചിത്രം കൂടിയാണ് പുഴു. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡൊന്നും താന്‍ ഇതുവരെ വച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. പുതുമുഖ സംവിധായകര്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ക്കുന്നു.