ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രത്തിലെ വിസ്മയ മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളുടെ ബിടിഎസ് വീഡിയോ പുറത്തിറങ്ങി
വിസ്മയ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്‍റെ മറ്റൊരു ബിടിഎസ് വീഡിയോ കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ വിസ്മയയുടെ ആക്ഷന്‍ല രംഗങ്ങള്‍ തിയറ്ററുകളില്‍ കൈയടി നേടിയിരുന്നു. അത്തരം രംഗങ്ങളുടെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തെത്തിയ വീഡിയോയില്‍ കാണാം. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ഏഴാം തീയതിയാണ് തിയറ്ററുകളില്‍ എത്തിയത്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ടായിരുന്നു. ഈ മാസം ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.
ആദ്യ ദിനം മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് തുടര്‍ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണവും ലഭിച്ചു. എന്നാല്‍ വിസ്മയ മോഹന്‍ലാലിനും ആശിശ് ജോ ആന്‍റണിക്കും കൈയടി ലഭിച്ചിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 33 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 18 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 15 കോടിയും.

